വൈദ്യുതിലൈന്‍ പൊട്ടിവീണ് അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: വൈദ്യുതിലൈന്‍ പൊട്ടിവീണ് ഇനി എന്തെങ്കിലും അപകടമുണ്ടായാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. മരിക്കുന്നവർക്ക് 10 ലക്ഷം രൂപ നല്‍കിയിട്ട് എന്ത് കാര്യം. മനുഷ്യ ജീവന്‍ അമൂല്യമാണ്. അത് നഷ്ടപ്പെടാതിരിക്കാന്‍ ഗൗരവത്തോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
വൈദ്യുതി ലൈന്‍ പൊട്ടിവീണുണ്ടാവുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഉദ്ദേശത്തോടെ സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജിയില്‍ ചീഫ് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട ഉദ്യോഗസ്ഥന്‍ ആയതിനാലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഇന്‍സ്പെക്ടറെ കക്ഷി ചേര്‍ത്തത്.

അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട പദ്ധതികള്‍ തയ്യാറാവുന്നുണ്ടെന്ന് കെഎസ്‌ഇബിയും സര്‍ക്കാരും കോടതിയെ അറിയിച്ചു. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ പുറമെ നിന്നുള്ള വിദഗ്ദരുടെ സഹായവും തേടും.

