വേലായുധന്റേയും, മഹ്സൂദിന്റേയും സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ദുരന്തം

താനൂര്‍> ചിറക്കല്‍ ഭാഗത്ത് റെയില്‍വേ പാളത്തില്‍ വിള്ളല്‍ ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. റെയില്‍വേ ട്രാക്കിന് സമീപത്ത് പുല്ലരിയാന്‍ എത്തിയ രായിരിമംഗലം സ്വദേശി പഴൂര്‍ വേലായുധനാണ് ട്രാക്കിലെ വിള്ളല്‍ കണ്ടത്.
തുടര്‍ന്ന് സമീപവാസിയായ മണ്ണാന്തല അലിയെ വിവരമറിയിച്ചു. അലി താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ സ്റ്റേഷനില്‍ ഫോണ്‍ എടുക്കാത്തതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഇതോടെ അലിയുടെ ഓര്‍മയില്‍ വന്ന റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കുകയായിരുന്നു.

പാലക്കാടായിരുന്നു ഫോണ്‍ അറ്റന്‍ഡ് ചെയ്തത്. ചുവന്ന തുണി വീശി വണ്ടി നിര്‍ത്തണം എന്ന നിര്‍ദ്ദേശമാണ് അവര്‍ക്ക് ലഭിച്ചത്. അപ്പോഴേക്കും ട്രെയിന്‍ വരുന്ന ശബ്ദം കേട്ടു. ഇതോടെ സമീപത്തെ വീട്ടില്‍ നിന്നും ചുവന്ന തുണി വാങ്ങിച്ച് വിള്ളല്‍ കണ്ടതിന്റെ 100 മീറ്റര്‍ മാറി ട്രാക്കിന് സമീപത്തു നിന്നും വീശി.

ഇതുകണ്ട് സ്ഥലത്തെത്തിയ മഹ്സൂദ് താന്‍ ധരിച്ച ചുവന്ന ഷര്‍ട്ട് അഴിച്ചും വീശി. ലോക്കോ പൈലറ്റ് അപകടമറിഞ്ഞ് വേഗത കുറച്ചുവെങ്കിലും വിള്ളലിലൂടെ മൂന്ന് ബോഗി കടന്നു പോയതിന് ശേഷമാണ് ട്രയിന്‍ നിന്നത്. പത്തു മിനുട്ടോളം വൈകിയെത്തിയ കണ്ണൂര്‍ കോയമ്ബത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ വിള്ളല്‍ കാരണം ചിറക്കല്‍ ഭാഗത്ത് ഒന്നര മണിക്കൂറോളം നിര്‍ത്തിയിട്ടു.

ഇതോടെ താനൂര്‍, തിരൂര്‍ ഭാഗങ്ങളിലേക്കുള്ളവര്‍ ട്രയിന്‍ ഇറങ്ങി ചിറക്കല്‍ നിന്നും ബസ്സില്‍ കയറി പോവുകയായിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളം താല്‍ക്കാലികമായി നന്നാക്കി 11നാണ് ട്രെയിന്‍ കടത്തിവിട്ടത്. തുടര്‍ന്ന് ട്രെയിനുകള്‍ വേഗത കുറച്ച് ഇതുവഴി കടത്തിവിട്ടുകൊണ്ടിരിക്കുകയാണ്.
അതേസമയം ട്രാക്ക് പൂര്‍ണമായും നന്നാക്കുന്നതിനായി വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. വേലായുധന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ട്രെയിന്‍ യാത്രക്കാര്‍ വേലായുധനോട് വാക്കുകളിലൂടെ നന്ദി പറയുന്നതാണ് കാണാനായത്.
