വെന്തുരുകുന്ന വേനലിൽ വഴിയാത്രക്കാർക്ക് ദാഹജലം പകർന്ന് സേവാഭാരതി പ്രവർത്തകർ

കൊയിലാണ്ടി: വേനൽ ചൂടിൽ വെന്തുരുകുന്ന വഴിയാത്രക്കാർക്ക് ദാഹജലം പകർന്ന് സേവാഭാരതി പ്രവർത്തകർ രംഗത്ത്. കൊടുംചൂടിൽ യാത്ര ചെയ്ത് ക്ഷീണിതരാകുന്ന നഗരത്തിലെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും തണുത്ത സമ്പാരം പകർന്ന് നൽകിയാണ് സേവാഭാരതി പ്രവർത്തകർ മാതൃകയായത്. കൊയിലാണ്ടി ബസ്സ്റ്റാൻഡിന് സമീപം ദേശീയപാതക്കരികിലായി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് ദാഹജലം ഒരുക്കിയത്.
സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർക്ക് സേവാഭാരതിയുടെ പ്രവർത്തനം ആശ്വാസമായി. സംസ്ഥാന വ്യാപകമായി സേവാഭാരതി നടത്തുന്ന അമൃതധാര പദ്ധതിയുടെ ഭാഗമായാണ് കുടിനീർ വിതരണം. പദ്ധതിയുടെ ഉദ്ഘാടനം എൽടെക് എക്യുപ്മെന്റ് ഇന്ത്യ കമ്പനി മാനേജിംഗ് ഡയരക്ടർ പറമ്പത്ത് രാമചന്ദ്രൻ നിർവ്വഹിച്ചു. ടി.ഗംഗാധരൻ അധ്യക്ഷനായി. ഡോ:ഗോപിനാഥൻ, എം.മുകുന്ദൻ, അഡ്വ.വി.സത്യൻ, പി.വി.മോഹൻദാസ്, കെ.എം.രജി, കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു.

