വെങ്ങളം മുതൽ അഴിയൂർ വരെ നീളുന്ന ദേശീയപാത: യന്ത്ര സാമഗ്രികൾ കണ്ണൂരിൽ എത്തി
കൊയിലാണ്ടി: വെങ്ങളം മുതൽ അഴിയൂർ വരെ നീളുന്ന ദേശീയപാത ചെങ്ങോട്ടുകാവ് – നന്തി ബൈപ്പാസ് ഉൾപ്പെടെ ആറുവരിയായി വികസിപ്പിക്കുന്നതിൻ്റെ നിർമ്മാണ പ്രവർത്തികൾ ത്വരിതഗതിയിൽ മുന്നേറുന്നു. നിർമ്മാണം ഏറ്റെടുത്ത അദാനി കൺസ്ട്രക്ഷൻ്റെ സബ് കോൺട്രാക്ട് വിഭാഗം യന്ത്ര സാമഗ്രികൾ പ്രത്യേക ചരക്കു തീവണ്ടിയിൽ ജബൽപൂരിൽ നിന്നും 31 ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും റോളറുകളും ഉൾപ്പെടെയുള്ളവ 30 ബോഗികളിലായി കണ്ണൂരിൽ എത്തി.

കണ്ണൂർ നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ഇവ താത്കാലികമായി പയ്യോളി സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റിത്തുടങ്ങിയിരിക്കുകയാണ്. ദേശീയ പാതയുടെ വികസനം കൊയിലാണ്ടിയുടെ മാത്രമല്ല കേരളത്തിൻ്റെ തന്നെ സ്വപ്ന പദ്ധതിയാണ്. ഈ പദ്ധതിക്കായി ഭൂമിയും, വീടുകളും, വ്യാപാര സ്ഥാപനങ്ങളും വിട്ടുകൊടുത്ത് കൊണ്ട് നാടിൻ്റെ വികസനത്തിനായി ജനങ്ങൾ അത്രയേറെ സഹായ സഹകരണങ്ങൾ നൽകിയിട്ടുണ്ട്. പാത 6 വരിയാവുന്നതോട് കൂടി നിലവിലുള്ള ടൗണുകളുടെ ഘടനയിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. പലയിടങ്ങളിൽ നിന്നും അണ്ടർ പാസുകൾ അനുവദിക്കണമെന്ന് ജനകീയ ആവശ്യമായി ഉയർന്നു വന്നിട്ടുണ്ട്.


