വീണ്ടും പ്രവർത്തനം ആരംഭിച്ച കൊയിലാണ്ടി ടോൾബൂത്ത് അടച്ചു

കൊയിലാണ്ടി: കോവിഡ് വ്യാപന ഭീഷണി നിലനിൽക്കെ കൊയിലാണ്ടിയിൽ വീണ്ടും ആരംഭിച്ച ടോൾ പിരിവ് നിർത്തിവെച്ചു. ഇന്നലെയാണ് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് നിർത്തിവെച്ച ടോൾ പിരിവ് വീണ്ടും ആരംഭിച്ചത്. കോവിഡ് ഭീഷണി ഉണ്ടായ ഉടനെ സംസ്ഥാന സർക്കാർ ഇടപെട്ട് സപ്റ്റംബർ അവസാനം വരെ ടോൾ പിരിവ് നിർത്തി വെക്കാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറികടന്നാണ് വീണ്ടും പിരിവ് ആരംഭിച്ചത്. ഇതിനെതിരെ ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വന്നത്. എന്നാൽ സർക്കാർ ഉത്തരവ് മറികടന്ന് ആർ.ബി.ഡി.സി. സ്വന്തം ഇഷ്ടപ്രകാരം ടോൾപിരിവ് ആരംഭിക്കുകയായിരുന്നെന്ന് നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. ഇത് സംബന്ധിച്ച് കൊയിലാണ്ടി ഡയറി ഉൾപ്പെടെ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ ചെയർമാൻ ആർ.ബി.ഡി.സി. ഉദ്യോഗസ്ഥരുമായും, ആർ.ടി.ഒ. മായും സംസാരിച്ച് സർക്കാർ തീരുമാനം വരുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റി പ്രതിഷേധം അറിയിക്കുകയും, യുത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ടോൾ ബൂത്ത് ഉപരോധിച്ച് സമരം നടത്തുകയും ചെയ്തിരുന്നു. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയായ റോഡിൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. രോഗിയായ ഡ്രൈവറിൽ നിന്ന് സമ്പർക്കമുണ്ടായാൽ അത് സമൂഹ വ്യാപനത്തിലേക്ക് കടക്കും എന്നാണ് ജനങ്ങൾ ആശങ്കപ്പെട്ടത്. നഗരസഭ ഓഫീസിന് തൊട്ടുത്ത് കിടക്കുന്ന ഈ ടോൾ ബൂത്തിൽ വീണ്ടും പിരിവ് ആരംഭിച്ചത് ജനങ്ങൾക്ക് കടുത്ത അമർഷമാണ് ഉണ്ടാക്കിയിരുന്നത്.

