KOYILANDY DIARY.COM

The Perfect News Portal

വിഷ്ണുവിനും മീനാക്ഷിക്കും മുന്നില്‍ ഇരുളടഞ്ഞ ഭാവിയാണെങ്കിലും മുന്നോട്ടുള്ള യാത്രയ്ക്ക് ഇനി അച്ഛന്റെ ഓര്‍മകള്‍ മാത്രം

ഇടുക്കി: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലില്‍ മരണം കവര്‍ന്ന മുട്ടം കൊല്ലംകുന്ന് കഴുമറ്റത്തില്‍ അനില്‍ കുമാറിന്റെ മക്കളായ വിഷ്ണുവിനും മീനാക്ഷിക്കും മുന്നില്‍ ഇരുളടഞ്ഞ ഭാവിയാണെങ്കിലും മുന്നോട്ടുള്ള യാത്രയ്ക്ക് ഇനി അച്ഛന്റെ ഓര്‍മകള്‍ മാത്രം. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയായ അനിലിനെ മരണം കവര്‍ന്നുകൊണ്ടു പോയപ്പോള്‍ തളര്‍ന്നുപോയത് മക്കളായ വിഷ്ണുവും മീനാക്ഷിയുമാണ്. ഇരുവരും ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട് ചികിത്സയിലാണ്.

കുഞ്ഞിപ്പെങ്ങളെ മാറോടടുക്കി ഉരുള്‍പ്പൊട്ടലില്‍ നിന്ന് കരകയറുമ്പോള്‍ വിഷ്ണു ഓര്‍ത്തിരുന്നില്ല ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുമെന്ന്. ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ തെറിച്ചുപോയ വിഷ്ണുവിന് അനുജത്തി മീനാക്ഷി ഒലിച്ചുപോവുന്നത് മിന്നായം പോലെയേ കാണാനായുള്ളൂ. ഇരുള്‍വീണ സമയം ജീവന്‍ പണയംവച്ച്‌ മലവെള്ളക്കുത്തൊഴുക്കിലേക്കു പാഞ്ഞിറങ്ങി കുഞ്ഞിപ്പെങ്ങളെ രക്ഷപ്പെടുത്തി. കരയ്ക്കിരുത്തി വീണ്ടും മടങ്ങാന്‍ ഒരുങ്ങുമ്ബോള്‍ കാലുകള്‍ ചെളിക്കുണ്ടില്‍ പുതഞ്ഞുപോയിരുന്നു.

മുത്തശി കൂടിയുണ്ട് താഴേക്കൊഴുകുന്ന വീടിനുള്ളില്‍. ഉറക്കെയുള്ള അലര്‍ച്ച കേട്ട് അയല്‍വാസിയായ തങ്കമ്മയും മകന്‍ പ്രദീപും കൂട്ടരും ഓടിയെത്തി. പ്രദീപും കൂട്ടരും മുത്തശിയെ രക്ഷിച്ചെടുക്കുമ്ബോഴേക്കും വിഷ്ണുവും മീനാക്ഷിയും ഗുരുതര പരിക്കുകളോടെ നിലംപതിച്ചിരുന്നു. വിഷ്ണുവിന്റെ കൈയുടെയും മീനാക്ഷിയുടെ കാലിന്റെയും എല്ലുകള്‍ പൊട്ടിപ്പോയി. ചികില്‍സയില്‍ കഴിയുന്ന ഇവരെ ദുരന്തം പിന്നെയും വിട്ടില്ല. പുറത്തുപോയി മടങ്ങി വീട്ടിലെത്തിയ അച്ഛന്‍ അനില്‍കുമാര്‍ ആ മലവെള്ളപ്പാച്ചിലില്‍ മരണത്തിന്റെ പിടിയിലമര്‍ന്നു.

Advertisements

അപ്പോഴും മക്കള്‍ക്കായി കൊണ്ടുവന്ന പലഹാരപ്പൊതി ഉരുളൊലിച്ചുപോയ പാതയില്‍ അവശേഷിച്ചിരുന്നു. പൊന്നുമക്കള്‍ക്ക് പിതാവിന്റെ അവസാനത്തെ സമ്മാനം.! ഇവിടെ, തീരുന്നതല്ല വിഷ്ണുവിന്റെയും കുഞ്ഞിപ്പെങ്ങളുടെയും ദുരിതം. വിഷ്ണു ജനിച്ച ശേഷം മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ ഓമന മിക്ക ദിവസങ്ങളിലും ചികിത്സയിലാണ്. മുത്തശ്ശി സരോജിനിയുടെ തണലിലായിരുന്നു ജീവിതം. മീനാക്ഷി ജനിച്ചതോടെ മാതാവ് സ്ഥിരമായി ആശുപത്രിയിലുമായി.

സരോജിനിയും വിഷ്ണുവുമായിരുന്നു മീനാക്ഷിയെ പോറ്റിവളര്‍ത്തിയത്. മരപ്പണിക്കു പുറമെ അറിയപ്പെടുന്ന മുഖര്‍ശംഖ് കലാകാരന്‍ കൂടിയായിരുന്നു അനില്‍കുമാര്‍. ജീവിത യാത്രയില്‍ തണലായിരുന്ന അച്ഛന്‍ കൂടി നഷ്ടമായതോടെ വിധിക്കുമുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഈ കുരുന്നുമക്കള്‍. മാതാവിനെ പരിചരിക്കണം, മുത്തശ്ശിക്ക് തണലൊരുക്കണം, കുഞ്ഞിപ്പെങ്ങളെ പോറ്റി വളര്‍ത്തണം, അന്തിയുറങ്ങാന്‍ വീട് വേണം. വിഷ്ണുവെന്ന പതിനാറുകാരനു മുന്നില്‍ ഉത്തരവാദിത്വം ഏറുകയാണ്.

തൊടുപുഴ മുട്ടത്ത് നിന്ന് രണ്ടുകിലോമീറ്ററോളം കുത്തുകയറ്റം കയറിയാലേ വിഷ്ണുവും കുടുംബവും തമാസിച്ചിരുന്ന കൊല്ലംകുന്ന് വീട്ടിലെത്താനാകൂ. ഇവിടെ ഭൂമിയാകെ ഒലിച്ചു പോയിരിക്കുന്നു. കരുണവറ്റാത്ത സഹജീവികളുടെ സഹായത്താല്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നു തന്നെയാണ് വിഷ്ണുവിന്റെയും മീനാക്ഷിയുടെയും പ്രതീക്ഷ.

Share news

Leave a Reply

Your email address will not be published. Required fields are marked *