വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച നാല് പേർ റിമാന്റിൽ

കൊയിലാണ്ടി: പയ്യോളി പ്രണയം നടിച്ച് നാല് വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയരാക്കിയ സംഭവത്തില്‍ നാല് യുവാക്കളെ പയ്യോളി പോലീസ് അറസ്റ്റു ചെയ്തു. മുചുകുന്ന് മുണ്ടിയാടി അബിന്‍ മോഹന്‍ (18), ഡ്രൈവര്‍മാരായ കോട്ടക്കല്‍ ചെറിയസ്രാമ്പിക്കണ്ടി മുഹമ്മദ് സിനാന്‍ (23), അയനിക്കാട് കമ്പിവളപ്പില്‍ അഖില്‍ (23), നിടിയചാലില്‍ ശ്രേയസ്സില്‍ സൂര്യപ്രകാശ് എന്ന അക്ഷയ് (22) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പത്താം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ഇവര്‍ വശീകരിച്ച് കൊണ്ടുപോയത്. സ്കൂള്‍ കലോത്സവ ദിവസമായിരുന്നു ഇത്. അബിന്‍ മോഹന്‍ ഒരു കുട്ടിയെ ബൈക്കില്‍ ബാലുശ്ശേരി വയലടയിലും മറ്റ് മൂന്ന് കുട്ടികളെ മറ്റുള്ളവര്‍ കാറില്‍ കക്കയത്തേക്കുമാണ് കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോകല്‍, മാനഹാനി വരുത്തല്‍, ലൈംഗികാതിക്രമം എന്നിങ്ങനെയാണ് കേസ്. കാറില്‍ പോയവരുടെപേരില്‍ മൂന്ന് കുട്ടികളുടെ പരാതിയില്‍ മൂന്ന് കേസ് ഉണ്ട്. ഓണാഘോഷവേളയിലും ഇങ്ങനെ കൊണ്ടുപോയതായി പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് മറ്റൊരു കേസും ഇവരുടെപേരില്‍ എടുത്തിട്ടുണ്ട്. സ്കൂള്‍ ക്ലാസ് ടീച്ചര്‍ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ്.

