വിദ്യാർത്ഥികളുടെ നിവേദനത്തിൽ അശ്വതിക്ക് വഴിയൊരുങ്ങി: പഞ്ചായത്ത് മെമ്പർക്ക് വിദ്യാർത്ഥികളുടെ അഭിനന്ദന കത്ത്

ചിങ്ങപുരം: വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂൾ രണ്ടാം ക്ലാസിലെ വിദ്യാർത്ഥിയായ അശ്വതിക്ക് സ്കൂളിലേക്ക് വരാനുള്ള ഇടവഴി നവീകരിച്ചു. ഇടവഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സഹപാഠികളായ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർക്ക് നിവേദനം നൽകിയിരുന്നു. ഇടവഴിയിൽ മലിനജലം കെട്ടിക്കിടക്കുന്നത് കാരണം ഇതുവഴി സഞ്ചരിച്ച അശ്വതിയുടെ സഹോദരിക്ക് എലിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ദിവസങ്ങളോളം അശ്വതി സ്കൂളിലേക്കെത്തിയിരുന്നില്ല.
പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ ഗ്രാമ പഞ്ചായത്തംഗം വി. വി. സുരേഷ് അടിയന്തരമായി ഇടപെട്ട് ഇടവഴി നവീകരിക്കാനാവശ്യമായാ ഫണ്ട് പഞ്ചായത്തിൽ ഇടപെട്ട് അനുവദിപ്പിക്കുകയായിരുന്നു. ഉടൻതന്നെ പ്രവൃത്തി പൂർത്തീകരിക്കുകയും ചെയ്തു.
നിവേദനത്തെ തുടർന്ന് പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ട വാർഡ് മെമ്പർ വി.വി.സുരേഷിന് സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ ഹൈഫ ഖദീജ അഭിനന്ദന കത്ത് കൈമാറി.
