വിതരണം ചെയ്തത് 30 ലക്ഷം പൊതിച്ചോറ‌്; സ‌്നേഹവായ‌്പേറ്റുവാങ്ങി ഡിവൈഎഫ‌്‌ഐ

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐയുടെ സൗജന്യ പൊതിച്ചോറ് വിതരണവും രക്തദാനവും നാടിന് മാതൃകയായി മുന്നേറുന്നു. പൊതിച്ചോറ് വിതരണത്തിനും രക്തദാനത്തിനും രണ്ടാണ്ട‌് തികയുമ്ബോള്‍ വിതരണം ചെയ്തത് 30 ലക്ഷം പൊതിച്ചോറാണ‌്. 11,615 യുവാക്കള്‍ രക്തം ദാനം ചെയ്തു. ‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വം’ എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ വിശപ്പില്ലാത്ത മെഡിക്കല്‍ കോളേജായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ‌് മാറി.
രാജ്യത്തുതന്നെ ഇത്രയും വിപുലമായ സാമൂഹ്യ ദൗത്യം ഇതാദ്യമാണ‌്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഡിവൈഎഫ്‌ഐ സൗജന്യ ഭക്ഷണവിതരണം ആരംഭിച്ചത് 2017 മെയ് 16നായിരുന്നു. ദിനംപ്രതി 5,000 പൊതിച്ചോറാണ് വിതരണം ചെയ്യുന്നത്. രണ്ടാം ശനിയാഴ്ചക്ക് ശേഷമുള്ള തിങ്കളാഴ്ചയും തിരക്കുള്ള സമയങ്ങളിലും 6000 പൊതിച്ചോറ് വിതരണം ചെയ്യുന്നു. ഒപി ഇല്ലാത്ത ശനിയാഴ‌്ചയും ഞായറാഴ‌്ചയും 4000 പൊതിയാണ‌് വിതരണം ചെയ്യുന്നത‌്. യാചകര്‍ക്കും അനാഥര്‍ക്കും വൃദ്ധര്‍ക്കും ഭക്ഷണം ആവശ്യപ്പെട്ട് വരുന്ന എല്ലാവര്‍ക്കും നല്‍കുന്നു. ആരും വിശന്നിരിക്കരുതെന്ന മഹത്തായ ലക്ഷ്യമാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. സൗജന്യ പൊതിച്ചോറ് വിതരണത്തോടൊപ്പം സൗജന്യ രക്തദാനവും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. ദിനംപ്രതി 25 യുവാക്കള്‍ രക്തം ദാനം ചെയ്യുന്നുണ്ട‌്.
ജില്ലയിലെ 182 ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികള്‍ മുഖേന അതതു പ്രദേശത്തെ വീടുകളില്‍ നിന്നാണ് പൊതിച്ചോറുകള്‍ സംഭരിക്കുന്നത്. രാഷ്ട്രീയഭേദമെന്യേ നാട്ടുകാര്‍ യുവജനങ്ങളുടെ മാതൃകാപ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചു. വാഴയിലയിലാണ് ഭക്ഷണം പൊതിഞ്ഞു വാങ്ങുന്നത്. എല്ലാ ദിവസവും മെഡിക്കല്‍ കോളേജില്‍ പകല്‍ 12.15 മുതല്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യും. അതിനായി 11.30ന് തന്നെ ആശുപത്രിയുടെ മുന്‍വശത്തെ മരച്ചുവട്ടില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും നീണ്ട നിരയുണ്ടാകും. ഒരു കമ്മിറ്റി വര്‍ഷത്തില്‍ രണ്ടുതവണയാണ‌് പൊതിച്ചോറ‌് വിതരണം ചെയ്യുക. ഇതിനായി നേരത്തേതന്നെ സംഘാടക സമിതി രൂപീകരിക്കും. മേഖലാ കമ്മിറ്റി പരിധിയിലെ വീടുകളില്‍ അറിയിപ്പ‌് നല്‍കും. രാവിലേ മുതല്‍ പ്രവര്‍ത്തകര്‍ പൊതിച്ചോറ‌് ശേഖരിക്കാനിറങ്ങും. പൊതിച്ചോറ‌് മുടങ്ങാതെ കിട്ടുമെന്ന‌് ഉറപ്പായതോടെ ആയിരങ്ങളാണ‌് വരിനിന്ന‌് പൊതിച്ചോറ‌് വാങ്ങുന്നത‌്.

ഭക്ഷണവിതരണത്തിനുശേഷം പേപ്പറുകളും വാഴയിലകളും വളണ്ടിയര്‍മാര്‍ ശേഖരിച്ച് സംസ്കരിക്കും. ഭക്ഷണാവശിഷ്ടം ശേഖരിക്കാന്‍ വേസ്റ്റ് ബിന്നും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് അനാഥാലയങ്ങളിലും ഭക്ഷണം സൗജന്യമായി നല്‍കുന്നുണ്ട‌്. പ്രളയകാലത്ത‌് ഒരു ദിവസം മാത്രമാണ‌് പൊതിച്ചോറ‌് വിതരണം ഭാഗികമായി തടസ്സപ്പെട്ടത‌്. ഏത‌് ഹര്‍ത്താലിലും പണിമുടക്കിലും തടസ്സംകൂടാതെ പൊതിച്ചോറ‌് വിതരണം രണ്ട‌് വര്‍ഷമായി തുടരുന്നുവെന്നത‌് സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട‌്.

