വാഹനാപകടം: ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

കല്ലമ്പലം: കെ എസ് ആര്‍ ടി ബസ് കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ആയൂര്‍ എം.സി. റോഡില്‍ വയയ്ക്കല്‍ ഭാഗത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി കിളിമാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ പുതുശ്ശേരിമുക്ക് പുളിയറക്കോണം കോളനിയില്‍ നെല്ലിക്കുന്നുവിള വീട്ടില്‍ പ്രകാശ് (50) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ 15-ന് ഉച്ചയ്ക്ക് രണ്ടരമണിയോടെ കൊട്ടാരക്കരയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും എതിര്‍ദിശയില്‍ നിന്നും വന്ന കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനവുമാണ് കൂട്ടിയിടിച്ചത്. അപകടമുണ്ടായ ഉടന്‍തന്നെ പ്രകാശ്, ബസിന്റെ ഹൈഡ്രോളിക് സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് ഡോറുകള്‍ തുറന്ന് യാത്രക്കാരോടു പുറത്തിറങ്ങാന്‍ വിളിച്ചുപറഞ്ഞു. ബസിലുണ്ടായിരുന്ന 22 യാത്രക്കാരും ഇങ്ങനെ പുറത്തിറങ്ങിയതിനാല്‍ പരിക്കുകളോടെയാണെങ്കിലും അവര്‍ രക്ഷപ്പെട്ടു.

യാത്രക്കാര്‍ രക്ഷപ്പെട്ടെങ്കിലും സീറ്റില്‍ കുരുങ്ങിപ്പോയതിനാല്‍ പ്രകാശിനു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനത്തില്‍നിന്നു പടര്‍ന്നുകയറിയ തീഗോളത്തില്‍ ഇദ്ദേഹം പെട്ടുപോകുകയായിരുന്നു.

ഇതിനിടെ തീയ്ക്കും പുകയ്ക്കും ഇടയിലൂടെ കണ്ടക്ടര്‍ പള്ളിക്കല്‍ മാന്താനത്തുകാട്ടില്‍ വീട്ടില്‍ സജീം സാഹസികമായി പ്രകാശിന്റെ അടുത്തേക്കുവന്ന് നാട്ടുകാരുടെ സഹായത്തോടെ സീറ്റിളക്കി പ്രകാശിനെ പുറത്തേക്കു തള്ളിയിട്ടു. ആ സമയവും നിങ്ങള്‍ രക്ഷപ്പെട്ടോളൂവെന്നാണ് പ്രകാശ് പറഞ്ഞതെന്ന് സജീം ഓര്‍ക്കുന്നു. അപ്പോഴേക്കും പ്രകാശിന്റെ ശരീരത്തിന്റെ ഇടതുഭാഗത്താകെ പൊള്ളലേറ്റിരുന്നു. കണ്ടക്ടര്‍ നജീമിന്റെ കഴുത്തിനു പിന്‍ഭാഗത്തും പൊള്ളലേറ്റു.

നാല്‍പ്പതുശതമാനം പൊള്ളലേറ്റ പ്രകാശിനെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ അഞ്ചുദിവസം മുന്‍പ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. ചൊവ്വാഴ്ച ഉച്ചയോടെ ബോധം നഷ്ടപ്പെട്ടു. ബുധനാഴ്ച വൈകിട്ട് മരണവും സംഭവിച്ചു. സിന്ധുവാണ് പ്രകാശിന്റെ ഭാര്യ. അഖില, അഖില്‍ എന്നിവര്‍ മക്കളാണ്.
