വാര്‍ഡുതല ആരോഗ്യ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

കോഴിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി വാര്‍ഡുതല ആരോഗ്യസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യസേനാ പ്രവര്‍ത്തകര്‍ക്കാവശ്യമായ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ ജാഗ്രത 2018 പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മരുന്നിനുപകരം മുന്‍കരുതലുകളെടുക്കാനുള്ള ബോധവത്കരണം ജനമനസ്സുകളിലേക്ക് എത്തിക്കണം. കുടിവെള്ള മലിനീകരണം തടയുകയും വിഷരഹിതഭക്ഷണം ഉറപ്പാക്കുകയും ചെയ്താലേ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയൂ. അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വസമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണം.

ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാതെ പോയ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടി ജനുവരിയിലെ പ്രവര്‍ത്തനത്തിലുള്‍പ്പെടുത്തി പൂര്‍ത്തീകരിക്കണം. വീടുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. വാര്‍ഡുതലത്തില്‍ ഇവയ്ക്ക് മേല്‍നോട്ടം നല്‍കണം -മന്ത്രി പറഞ്ഞു.

സീറോവേസ്റ്റ് പദ്ധതി നടപ്പാക്കുന്നതിന് ജില്ലയിലെ അറുപതോളം പഞ്ചായത്തുകളില്‍ മിനി എം.ആര്‍.എഫുകള്‍ക്ക് ഇതുവരെ സ്ഥലം ലഭിച്ചിട്ടില്ല. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ഉപയോഗശൂന്യമായി കിടക്കുന്ന 10 സെന്റ് സ്ഥലം വീതം ഓരോ മിനി എം.ആര്‍.എഫിനും ലഭ്യമാക്കുന്നതിന് ദുരന്തനിവാരണ നിയമമനുസരിച്ച് നടപടിയെടുക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. എം.എല്‍.എ.മാരായ വി.കെ.സി. മമ്മദ് കോയ, സി.കെ. നാണു, പുരുഷന്‍ കടലുണ്ടി, ഡി.എം.ഒ. ഡോ. വി. ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
