വര്‍ണവൈവിധ്യവുമായി ഓണം ബക്രീദ് മേളക്ക് തുടക്കം

കോഴിക്കോട്: ചുങ്കിടി സാരിയും മനില ഷര്‍ട്ടും ധാക്ക മസ്ലിന്‍ തുണികളുമായി ‘ഖാദി ഓണം ബക്രീദ് മേള’ക്ക് തുടക്കം. ഓണത്തിന് ഒട്ടേറെ കിഴിവുകളുമായാണ് ജില്ലാ ഖാദി ഗ്രാമ വ്യവസായ അങ്കണത്തില്‍ മേള തുടങ്ങിയത്. കോട്ടണ്‍, ഖാദി തുണിയുടെ വൈവിധ്യമാണ് മേളയെ ആകര്‍ഷകമാക്കുന്നത്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേള മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
ചുങ്കിടിയും ജൂട്ടും കോട്ടണ്‍സില്‍ക്കുമൊക്കെയാണ് ഇതില്‍ പ്രധാനം. 138 രൂപ മുതലുള്ള കോട്ടണ്‍ സാരികള്‍ വില്‍പ്പനയ്ക്കുണ്ട്. സില്‍ക്ക് സാരിക്ക് 1990 രൂപ മുതലും ചുങ്കിടി സാരിക്ക് 5000 രൂപ മുതലുമാണ് വില. 6000 രൂപ മുതല്‍ ജൂട്ട് സാരികളും ലഭിക്കും. ഈ തുകയില്‍നിന്ന് 30 ശതമാനം കുറച്ചാണ് വില്‍പ്പന.

സില്‍ക്ക്, സ്പണ്‍ സില്‍ക്ക്, മസ്ലിന്‍ തുടങ്ങിയ ഷര്‍ട്ട് പീസുകളും ഉണ്ട്. കോട്ടണ്‍ മസ്ലിന്‍ തുണികള്‍ക്ക് 139 രൂപ മുതലാണ് വില. മീറ്ററിന് 130 രൂപക്ക് വെള്ളഗ്രാഫ് തുണിയും കിട്ടും. 800 രൂപ മുതല്‍ ധാക്ക മസ്ലിന്‍ തുണിയും 648 രൂപയുടെ കോട്ടണ്‍ ട്വിസ്റ്റുമൊക്കെ ആളുകളെ ആകര്‍ഷിക്കുന്നു. കളര്‍ കുപ്പടം മുണ്ടുകള്‍ക്കാണ് കൂടുതല്‍ വില്‍പ്പന. ബെഡ്ഷീറ്റുകളുമുണ്ട്. രക്തചന്ദനം, തുളസി, വേപ്പ്, ചന്ദനം എന്നിവയുടെ സോപ്പുകളുമുണ്ട്. പാളയില്‍ പൊതിഞ്ഞാണ് സോപ്പുകള്‍ തയ്യാറാക്കിയത്. 40 രൂപയാണ് വില. ചേന, കാരക്ക അച്ചാറുകള്‍, പനമ്പൊടി, ചാമ അരി, മുളയരി, കര കൌശല വസ്തുക്കള്‍ എന്നിവ മേളയെ വ്യത്യസ്തമാക്കുന്നു.

ഖാദിയുടെ വിവിധ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ മേള ഉദ്ഘാടനംചെയ്തുകൊണ്ട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. ആദ്യ വില്‍പ്പനയും സമ്മാന പദ്ധതിയുടെ കൂപ്പണ്‍ വിതരണ നിര്‍വഹണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് നിര്‍വഹിച്ചു. യങ് ഇന്ത്യ ചുരിദാറിന്റെ വിപണിയിലിറക്കല്‍ ചടങ്ങ് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് നിര്‍വഹിച്ചു. കൌണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ഖാദി തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി ടി കെ ലോഹിതാക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, കോഴിക്കോട് സര്‍വോദയ സംഘം സെക്രട്ടറി എം പരമേശ്വരന്‍, കേരള സര്‍വോദയ സംഘം ജനറല്‍ മാനേജര്‍ യു രാധാകൃഷ്ണന്‍, ഖാദി ബോര്‍ഡ് മാര്‍ക്കറ്റിങ് ഓഫീസര്‍ ആര്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പങ്കെടുത്തു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്) ആര്‍ തുളസീധരന്‍ പിള്ള സ്വാഗതവും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ കെ പി ദിനേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
സെപ്തംബര്‍ 13 വരെയാണ് മേള. മേളയുടെ ഭാഗമായി സമ്മാനപദ്ധതികളുമുണ്ട്. എല്ലാ തുണികള്‍ക്കും 30 ശതമാനം കിഴിവുണ്ടാകും.

