KOYILANDY DIARY.COM

The Perfect News Portal

വയനാട് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാം ഘട്ടത്തിനു തുടക്കമായി

വയനാട്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന വയനാട് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാം ഘട്ടത്തിനു തുടക്കമായി. ജില്ലാതല സംഘാടക സമിതി ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ. ഹാളില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാക്ഷരത ഇനിയും എത്തിപ്പെടാത്ത തുരുത്തുകളുണ്ട് അവയിലൊന്നാണ് ആദിവാസി മേഖലയെന്നും ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും സാക്ഷരതാ പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്നും എം.എല്‍.എ. അറിയിച്ചു.

ജില്ലയിലെ 200 ആദിവാസി കോളനികളില്‍ സാക്ഷരത ക്ലാസും 282 കോളനികളില്‍ നാലാംതരം തുല്യത ക്ലാസും രണ്ടാംഘട്ടത്തില്‍ നടപ്പാക്കും. 2017 ല്‍ തുടങ്ങി 300 ആദിവാസി കോളനികളില്‍ നടപ്പാക്കിയ ഒന്നാം ഘട്ടം വന്‍വിജയമായിരുന്നു. നാലായിരത്തോളം തുല്യത പഠിതാക്കളാണ് ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കായി തുടര്‍വിദ്യാഭ്യാസ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഒന്നാംഘട്ടത്തിന്റെ ഭാഗമായി തുല്യത പഠിതാക്കള്‍ ശേഖരിച്ച പുരാവസ്തുഗ്രന്ഥങ്ങളുടെ ശേഖരം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. സാക്ഷരത മിഷന്‍ ജില്ലാ അദ്ധ്യക്ഷ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയ്ക്കു നല്‍കി പ്രകാശനം ചെയ്തു. ഇൗ പുരാരേഖകള്‍ സംസ്ഥാന സാക്ഷരത മിഷനു കൈമാറും.

യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ. ലീന, ജില്ലാപഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ എ. പ്രഭാകരന്‍, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ. ദേവകി, ജില്ലാപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ ടി. ഉഷാകുമാരി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ. സുധീര്‍ കിഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാക്ഷരത മിഷന്‍ പഞ്ചായത്തുതല കോര്‍ഡിനേറ്റര്‍മാര്‍, സാക്ഷരത പ്രേരക്മാര്‍, തുല്യത പഠിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *