വന നിയമ ഭേദഗതി പിന്‍വലിക്കണം: ബൃന്ദ കാരാട്ട്

ഡല്‍ഹി > കേന്ദ്ര വന നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി നിര്‍ദേശങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കേന്ദ്ര വനം– പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചു. ആദിവാസികളുടെയും മറ്റ് പരമ്ബരാഗത വനവാസികളുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഭേദഗതിനിര്‍ദേശങ്ങള്‍. ആദിവാസികളുടെ അവകാശങ്ങളില്‍ നിയമനിര്‍മാണത്തിനുള്ള അവകാശം വനം– പരിസ്ഥിതി മന്ത്രാലയത്തിനില്ലെന്നും ആദിവാസികാര്യ മന്ത്രാലയത്തിനാണെന്നും കത്തില്‍ പറഞ്ഞു. ലോക്സഭയില്‍ നല്കിയ മറുപടിയില്‍ ഭേദഗതി നിര്‍ദേശങ്ങളെ പിന്തുണയ്ക്കുംവിധം മന്ത്രി സംസാരിച്ച സാഹചര്യത്തിലാണ് കത്ത്.
1927ല്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന വനംനിയമം വനഭൂമിയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥത ഉറപ്പിക്കുന്നതും ആദിവാസികളെ കൈയേറ്റക്കാരായി പ്രഖ്യാപിക്കുന്നതുമാണ്. വനം ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്കി ആദിവാസികളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ക്രിമിനല്വല്ക്കരിക്കുന്നതാണ് നിര്‍ദേശങ്ങള്‍. വാറന്റ് കൂടാതെ അറസ്റ്റ്ചെയ്യാനും നിയമം നടപ്പാക്കാന്‍ ആയുധങ്ങള്‍ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. നിര്‍ദിഷ്ട ദേശീയ വനംബോര്ഡില് കരസേനാമേധാവിയെ കൂടി ഉള്‍പ്പെടുത്താനും നിര്‍ദേശിക്കുന്നു.

എന്നാല്‍, വനസംരക്ഷണത്തിന്റെയും ആദിവാസി അവകാശങ്ങളുടെയും കാര്യത്തില്‍ ഏറെ നിര്‍ണായകമായ ഗ്രാമസഭകളുടെ പങ്കിനെ പൂര്‍ണമായും ഇല്ലാതാക്കുകയാണ്. കേന്ദ്രവല്ക്കരണത്തിന്റെയും വാണിജ്യവല്ക്കരണത്തിന്റെയും ക്രിമിനല്‍വല്‍ക്കരണത്തിന്റെയും മാര്‍ഗരേഖയായി മാറുന്നതാണ് ഭേദഗതിനിര്‍ദേശങ്ങള്‍. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം–ബൃന്ദ കത്തില്‍ ആവശ്യപ്പെട്ടു.

