വനിത ജയിലില്‍ നിന്ന് വിചാരണ തടവുകാരായ രണ്ടുപേര്‍ ജയില്‍ ചാടി

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് വിചാരണ തടവുകാരായ രണ്ടുപേര്‍ ജയില്‍ ചാടി . മോഷണക്കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്പ എന്നിവരാണ് രക്ഷപ്പെട്ടത്.
സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയിലില്‍ നിന്നും രക്ഷപ്പെടുന്നത്. ചൊവ്വാഴച്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. അന്തേവാസികളെ തിരികെ സെല്ലിലേക്ക് പ്രവേശിപ്പിക്കുന്നതിനിടയിലാണ് രണ്ടു പേര് രക്ഷപ്പെട്ട വിവരം ജീവനക്കാര്‍ അറിഞ്ഞത്. സംഭവത്തെ തുടര്‍ന്നു ജയില്‍ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി. ജയിലിന് പുറകിലായി മാലിന്യം ഇടുന്ന സ്ഥലം വഴി ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദിവസങ്ങളായി പദ്ധതി തയ്യാറാക്കിയാണ് രണ്ടു പേരും രക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയില്‍ ജീവനക്കാരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.. വൈകിട്ട് 4.30 ഓടെ രണ്ടു പേരും കുളിക്കാനായി പോകുന്ന ദ്യശ്യങ്ങള്‍ ജയില്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ഇതിന് ശേഷം ഇവരെ കാണാതെയാവുകയായിരുന്നു. ഇതോടെയാണ് ഇവര്‍ തടവ് ചാടിയതായി സ്ഥീകരിച്ചത്. തടവുകാരെ ജയിലിനുള്ളിലെ ജോലികള്‍ക്കായി സെല്ലില്‍ നിന്നും പുറത്ത് വിടാറുണ്ട്. വൈകിട്ട് നാലോടെയാണ് തിരികെ സെല്ലിലേക്ക് തടവുകാരെ പ്രവേശിപ്പിക്കുന്നത്. ഇതിനായി എണ്ണമെടുത്തപ്പോഴാണ് രണ്ടുപേരെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.

ജീവനക്കാര്‍ ആദ്യം ജയില്‍ വളപ്പില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ജയില്‍ ഡിജിപി ഋഷിരാജ് സിങും സംഘവും നടത്തിയ പരിശോധനയിലാണ് രക്ഷപ്പെട്ട വിവരം സ്ഥിതീകരിച്ചത്. ഇവര്‍ക്കായി ഷാഡോ പൊലീസും സ്പെഷല്‍ ബ്രാഞ്ചും തിരച്ചില്‍ ശക്തമാക്കി. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഫോട്ടോകള്‍ നല്‍കിയതായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
