വടകരയുടെ തീരങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് ശമനമായില്ല

വടകര:ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ വടകരയുടെ തീരങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് ശമനമായില്ല.അഴിത്തല മുതല്‍ കണ്ണൂക്കര മാടക്കര ബീച്ച് വരെയുള്ള തീരദേശ വാസികള്‍ ഭീഷണിയിലാണ്.ഇന്നലെ പുലര്‍ച്ചെ കൊയിലാണ്ടി വളപ്പില്‍ മുക്കോളി ഹംസയുടെ വീടിന്റെ പിറക് വശത്തെ മതില്‍ തകര്‍ന്നു.ശക്തമായ തിരമാലയില്‍ മുകച്ചേരി ഭാഗത്തെ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. വൈദ്യുതി പോസ്റ്റ് ചരിഞ്ഞ നിലയിലാണ്.
മൂകച്ചേരി ഭാഗത്തെ നിരവധി വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയിലുമാണ്.ഇവിടത്തെ നാലു വീടുകള്‍ ഏത് നിമിഷവും കടലെടുക്കുമെന്ന നിലയിലാണ്. ഇരുപതോളം തെങ്ങുകള്‍ കടപുഴകി വീഴാന്‍ പാകത്തിലാണുള്ളത്. ശക്തമായ തിരയില്‍ കടലിലെ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ അടുത്ത പറമ്ബുകളിലേക്ക് അടിഞ്ഞു കൂടിയിരിക്കുകയാണ്.

വടകര തഹസില്‍ദാര്‍ പി.കെ.സതീഷ് കുമാര്‍,അഡീഷണല്‍ തഹസില്‍ദാര്‍ കെ.രവീന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശ്ശിച്ചു.അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ ഏത് സാഹചര്യം ഉണ്ടായാലും മാറ്റി താമസിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി തഹസില്‍ദാര്‍ പറഞ്ഞു.ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് തിരമാലകള്‍ സമീപത്തെ മദ്റസയിലേക്കും, വീടുകളിലേക്കും അടിച്ചു കയറിയത്. പതിനെട്ടോളം വീടുകള്‍ ഭീഷണിയിലാണ്. കാലം തെറ്റി വേനലിലുണ്ടായ ചുഴലി കാറ്റും,മഴയ്ക്കും പുറമെ കടല്‍ ക്ഷോഭവും ഉണ്ടായത് തീരദേശ മേഖലയെ ഭീതിയിലാഴ്ത്തിയിരിക്കയാണ്.

ഈ പ്രദേശത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.മാറി,മാറി വരുന്ന ജന പ്രതിനിധികള്‍ തെരഞ്ഞെടുപ്പിന് മുന്‍പായി പല വാഗ്ദാനങ്ങളും നല്‍കുമെങ്കിലും ഇവിടെ കടല്‍ ഭിത്തി നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഇതേ വരെ ആരും തന്നെ താല്പര്യം കാണിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.സ്ഥലം എം.പി.മുല്ലപ്പള്ളി രാമചന്ദ്രനും.സി.കെ.നാണു എം.എല്‍.എയും ഇക്കാര്യത്തില്‍ ഫണ്ട് അനുവദിച്ചുണ്ടെന്ന് പറയുകയല്ലാതെ പ്രവൃത്തികള്‍ ഒന്നും തന്നെ ഇതേവരെ നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

