ലഹരി മൂത്ത യുവാവ് തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു

തലശേരി: തലശേരിയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു. ലഹരി മൂത്ത യുവാവ് തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനുള്ളില്‍ ബ്ലേഡ് കൊണ്ട് കഴുത്തു മുറിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചു. തടയാന്‍ ചെന്ന പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കഴുത്തിനും കൈഞരമ്ബുകള്ക്കും ആഴത്തില്‍ സ്വയം മുറിവേല്പിച്ച് ഗുരുതരാവസ്ഥയിലായ ചാലില്‍ സ്വദേശിയായ 28കാരനെ പോലീസ് അതിസാഹസികമായി കീഴടക്കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആത്മഹത്യാ ശ്രമം തടയുന്നതിനിടയില്‍ ബ്ലേഡു കൊണ്ട് മുറിവേറ്റ തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ തലശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലഹരിക്കടിമയാണ് യുവാവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം മാര്‍ക്കറ്റില്‍ അടിപിടിയുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഇറങ്ങിയ ഇയാള്‍ ബ്ലെയ്ഡുമായി തലശേരി സ്റ്റേഷനിലെത്തുകയും കഴുത്തും കൈത്തണ്ടയും മുറിക്കുകയുമായിരുന്നു. ദേഹമാസകലം ആറോളം മുറിവേറ്റ ഇയാളെ പോലീസ് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും പോലീസുകാര്‍ക്ക് നേരെ ബ്ലേഡ് വീശുകയായിരുന്നു.

പോലീസ് സ്റ്റേഷനിലുള്ളില്‍ യുവാവിന്റെ രക്തം ഒഴുകി. സാഹസികമായി കീഴക്കിയ യുവാവിനെ ആദ്യം തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ വെച്ചും യുവാവ് അക്രമാസക്തനായി. ജീവനക്കാര്‍ക്ക് നേരെ അക്രമാസ്കതനായ യുവാവിനെ ഒടുവില്‍ ബലമായി മയക്കിയ ശേഷം പ്രാഥമിക ചികിത്സകള്‍ നല്‍കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.

ലഹരി ഗുളികകള്‍ മുതല്‍ ബ്രൗണ്‍ഷുഗര്‍, ഹാഷിഷ്, കറുപ്പ്, ചരസ്, എല്‍എസ്ഡി, എംഡിഎം, കഞ്ചാവ് തുടങ്ങി രാജ്യാന്തര നിലവാരത്തിലുള്ള ചെറുതും വലുതുമായ എല്ലാ മയക്കു മരുന്നുകളും ലഭിക്കുന്ന നഗരമായി തലശേരി നഗരം മാറിക്കഴിഞ്ഞു. വിദ്യാര്‍ഥികളുള്‍പ്പെടെ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയക്കെതിരെ ഇപ്പോള്‍ കാര്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുമില്ല.

