KOYILANDY DIARY.COM

The Perfect News Portal

ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ശക്തമായി ആഞ്ഞടിക്കുന്നു: കല്‍പ്പേനി വിമാനത്താവളം വെള്ളത്തിനടിയിലായി

കോഴിക്കോട് > ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ശക്തമായി ആഞ്ഞടിക്കുകയാണ്. 135 കിലോമിറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കനത്തമഴയില്‍ കല്‍പ്പേനി വിമാനത്താവളം വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ശുദ്ധജല വിതരണം നിലച്ചു. വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും വൈദ്യുതിവിതരണം നഷ്ടപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിനായി ഒവു കപ്പല്‍ കൂടി ലക്ഷദ്വീപിലേക്ക് തിരിച്ചു.

കല്‍പ്പേനിയിലും മിനക്കോയിലും വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പ്പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കാന്‍ പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലയിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി.

ഓഖി ചുഴലിക്കാറ്റ് അമിനിയുടെ 240 കിലോമിറ്റര്‍ അകലെ തെക്ക് കിഴക്ക് ഭാഗത്തേക്ക് മണിക്കൂറില്‍ 130 കിലോമിറ്റര്‍ വേഗതയില്‍ കൂടുതല്‍ ശക്തി പ്രാപിച്ച്‌ സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ട്.മിനിക്കോയ് ദ്വിപില്‍ മിക്ക ഭാഗങ്ങളിലും തെങ്ങുകളുംമറ്റ് മരങ്ങളും കടപുഴകി വീണു. പല ഭാഗങ്ങളിലായി തെങ്ങുകള്‍ വീണ് വീടുകള്‍ തകരുകയും കോണ്‍ഗ്രീറ്റ് അല്ലാത്ത മിക്ക മേല്‍ക്കുരകളും ശക്തമായ കാറ്റില്‍ പറന്നു പോയി. 130 വര്‍ഷം പഴക്കമുള്ള മിനിക്കോയ് ലൈറ്റ് ഹൌസിന്റെ ജനാലകളും ഗ്ളാസുകളും അടര്‍ന്നു പോയി. ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Advertisements

കവരത്തിയുടെ അടുത്തായി അല്‍ നൂര്‍ എന്ന നാടന്‍ ഉരു കപ്പല്‍ ചരക്കുകളോടെ കയ്ക്കടുക്കാന്‍ സാധിക്കാതെ വെള്ളത്തിനടിയിലായി. പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ മുഖേനെ ഉരുവിലുള്ളവരെ രക്ഷപെടുത്തി.ചെന്നൈ രജിസ്ട്രേഷനുള്ള ലൈബല്‍ എന്ന മത്സ്യ ബന്ധന ബോട്ട് അന്ത്രോത്ത് ദ്വിപിലേക്കടുത്ത് രക്ഷനേടി. 8 തമിഴ് സ്വദേശികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. മിനിക്കോയി, കല്‍പേനി ദ്വീപുകളില്‍ ഓഖി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാത്രി ആഞ്ഞടിച്ചിരുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കവരത്തിയില്‍ മുങ്ങിപ്പോയ ഉരുവില്‍നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കല്‍പേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയി.

 

വലിയ നാശനഷ്ടത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ലക്ഷദ്വീപിലേക്ക് കേരളത്തില്‍ നിന്നുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സ് സര്‍വീസായ ഹെലികോപ്റ്ററുകളും റദ്ദാക്കി.

കടല്‍വെള്ളം ശുദ്ധീകരിച്ച്‌ കുടിവെള്ളമായി വിതരണം ചെയ്യുന്ന എന്‍ഐഒടി പ്ളാന്റ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകരാറിലായതോടെ പൈപ്പ് ജലത്തെ ആശ്രയിക്കുന്നവരുടെ കുടിവെള്ളം മുട്ടും. ജലവിതരണ സംവിധാനം ശരിയാക്കാന്‍ ഏകദേശം ഒരു മാസമെങ്കിലും വേണമെന്നാണ് വിശദീകരണം.

മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളിലാണ് കാറ്റും മഴയും ശക്തമായിട്ടുള്ളത്. കല്‍പ്പേനിയില്‍ അഞ്ച് ബോട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. എല്ലാ ദ്വീപുകളില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായ സ്ഥാനത്തേയ്ക്കു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കവരത്തി, അഗത്തി, മിനിക്കോയ്, അമേനി, കദ്മത്ത്, ചെത്തിലാത്ത്, ബിത്ര, ആന്ത്രോത്ത്, കല്‍പ്പേനി, കില്‍ത്താന്‍ എന്നിങ്ങനെ പത്ത് ദ്വീപുകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവിടെയെല്ലാം മലയാളി സാന്നിധ്യമുണ്ട്.

നാവികസേന ലക്ഷദ്വീപിലേക്ക് രണ്ടു കപ്പല്‍ അയച്ചതായി ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ ആര്‍ കാര്‍വെ പറഞ്ഞു. കുടിവെള്ളം, വെള്ളം ശുദ്ധീകരിക്കാനുള്ള കിറ്റുകള്‍, പുതപ്പുകള്‍, മരുന്ന്, ഭക്ഷണസാധനങ്ങള്‍ എന്നിവയുമായി ഐഎന്‍എസ് സുജാത, ഐഎന്‍എസ് ശാരദ എന്നീ കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് തിരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *