റോഡില്‍ മതില് കെട്ടി ഉയര്‍ത്തിയതിനെതിരെ പ്രതിഷേധം
പയ്യോളി: ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന പ്രവൃത്തികളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മതില്‍കെട്ടി ഉയര്‍ത്തിയത് നാട്ടുകാര്‍ക്ക് ദുരിതമായി. അഴിയൂര്‍-വെങ്ങളം റീച്ചിൻ്റെ ഭാഗമായി അയനിക്കാട് കളരിപ്പടിക്കും ഇരിങ്ങലിനും ഇടയില്‍ നിര്‍ദിഷ്ട പാത നിര്‍മാണം നടക്കുന്ന പടിഞ്ഞാറ് വശത്താണ് അധികൃതരുടെ തിരക്കിട്ട മതില് കെട്ടല്‍ പ്രവൃത്തി നടത്തുന്നത്. സാധാരണ നിലയില്‍ റോഡ് വികസനം പൂര്‍ത്തിയാവുന്ന ഘട്ടത്തിലാണ് സര്‍വിസ് റോഡുമായി പ്രധാനപാത വേര്‍തിരിക്കാന്‍ ഇത്തരത്തില്‍ ഭിത്തികെട്ടാറുള്ളത്. എന്നാല്‍, പ്രധാന പാതയില്‍ മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, സര്‍വിസ് റോഡിൻ്റെ പണി തുടങ്ങിയിട്ടുമില്ല.

അതിനിടയിലാണ് മൂന്ന് മീറ്ററോളം മതില്‍കെട്ടി ഉയര്‍ത്തി സമീപത്തെ വീട്ടുകാര്‍ക്ക് ദേശീയ പാതയിലേക്കുള്ള പ്രവേശനം കരാര്‍ കമ്ബനിയുടെ നേതൃത്വത്തില്‍ കൊട്ടിയടച്ചിരിക്കുന്നത്. വീട്ടുകാര്‍ക്ക് ഏറെ ദൂരെ സഞ്ചരിച്ച് വേണം റോഡിലേക്ക് എത്താന്‍. മതില് നിര്‍മാണ പ്രവൃത്തി വെള്ളിയാഴ്ച നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന തരത്തില്‍ പ്രവൃത്തി നടത്തില്ലെന്ന് അധികൃതര്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നെങ്കിലും ലംഘിക്കപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തിയുടെ മറവില്‍ സമീപത്തെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനും റോഡരികില്‍ മണ്ണിടല്‍ നടത്തുമ്ബോള്‍ വഴികള്‍ അടക്കുന്നതിനും എതിരെ നാട്ടുകാരില്‍ പ്രതിഷേധമുണ്ട്.


