KOYILANDY DIARY

The Perfect News Portal

റേഷന്‍ മൊത്തവ്യാപാര ശൃംഖല ഏറ്റെടുത്ത് സപ്ളൈകോക്ക് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

തിരുവനന്തപുരം: റേഷന്‍ മൊത്തവ്യാപാര ശൃംഖല ഏറ്റെടുത്ത് സപ്ളൈകോക്ക് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുവിതരണം കാര്യക്ഷമവും അഴിമതിരഹിതവുമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് റേഷന്‍ മൊത്തവ്യാപാര വിതരണ ശ്യംഖല സര്‍ക്കാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കുന്നത്. മൊത്തവിതരണ കേന്ദ്രങ്ങളില്‍ നിന്നു റേഷന്‍സാധനങ്ങള്‍ സപ്ളൈകോ തന്നെ റേഷന്‍കടകളില്‍ നേരിട്ട് എത്തിക്കും. ഈ പൊതുവിതരണ പ്രക്രിയയാകെ ഇലക്ട്രോണിക്ക് നിരീക്ഷണ സംവിധാനത്തിന് കീഴിലാക്കും. ഇതിനായുള്ള സോഫ്റ്റ്വെയര്‍ എന്‍ഐസി രൂപപ്പെടുത്തിവരികയാണ്.

മൊത്തവ്യാപാര കേന്ദ്രങ്ങള്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കും. ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമായി നടത്താന്‍ ബ്ളോക്ക്തലത്തില്‍ കുറഞ്ഞത് രണ്ട് സര്‍ക്കാര്‍ സംഭരണശാലകള്‍ നിര്‍മിക്കാനും തീരുമാനിച്ചു. നിലവില്‍ ഗോഡൌണുകള്‍ സര്‍ക്കാര്‍ കൈവശമില്ലാത്തതിനാല്‍ ഇവ കൈവശമുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും റേഷന്‍ മൊത്തവ്യാപാരികളുമായും ചര്‍ച്ച നടത്തുകയും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഏറ്റെടുക്കുകയും ചെയ്യും. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഗോഡൌണുകള്‍ സ്ഥാപിക്കുന്ന മുറയ്ക്ക് സ്വകാര്യഗോഡൌണുകളെ ഒഴിവാക്കും.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്താന്‍ താലൂക്ക്  തല റാങ്കിംഗിന് പകരം സംസ്ഥാനതല റാങ്കിംഗ് നടത്തും. താലൂക്ക് തലറാങ്കിംഗ് നടത്തി തയ്യാറാക്കിയ കരട് മുന്‍ഗണന, മുന്‍ഗണന–ഇതര പട്ടിക എന്നിവ സംബന്ധിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

Advertisements

താലൂക്ക് തലറാങ്കിംഗ് പ്രകാരം സാമൂഹിക–സാമ്പത്തിക സാഹചര്യങ്ങളില്‍ മുന്നോക്ക–പിന്നോക്ക വ്യത്യാസം പരിഗണിക്കാതെ ഒരേ ശതമാനം ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതുമൂലം അര്‍ഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

തദ്ദേശ ഭരണവകുപ്പിന്റെ 2012–ലെ ഉത്തരവ് പ്രകാരം ക്ളാസ് ഫോര്‍ തസ്തിക വരെയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ പട്ടികയില്‍ നിന്നു പുറത്താകും. ഇവരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 1,54,80,040 പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളില്‍ 52.63 ശതമാനവും നഗരപ്രദേശങ്ങളില്‍ 39.5 ശതമാനവും ജനങ്ങള്‍ ഉള്‍പ്പെടുന്നു. പുതിയ റേഷന്‍ കാര്‍ഡ് ഡിസംബറിനുള്ളില്‍ വിതരണംചെയ്യും.