രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സൂചനാ പണിമുടക്ക് പൂര്‍ണം

തിരുവനന്തപുരം: പശ്ചിമബംഗാളില്‍ സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണയേകി രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഐ.എം.എയുടെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തില്‍ ഇന്ന് നടത്തുന്ന സൂചനാ പണിമുടക്ക് പൂര്‍ണം. കെ.ജി.എസ്.ഡി.എയുടെ നേതൃത്വത്തില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും ഒ.പി.യില്‍നിന്നു വിട്ടുനിന്നു.
തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ രാവിലെ പത്തുമുതല്‍ പതിനൊന്നുവരെയും ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ രാവിലെ 8 മുതല്‍ പത്തുവരെയും നടന്ന പണിമുടക്കില്‍ രോഗികള്‍ വലഞ്ഞു. സാധാരണയായി ഒ.പികളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന ദിവസമാണ് തിങ്കളാഴ്ച. പണിമുടക്ക് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ആശുപത്രികളിലെ തിരക്കിന് കുറവുണ്ടായില്ല. രാവിലെ എട്ടുമണിക്ക് മുമ്ബ് ഒ.പിയിലെത്തിയവര്‍ക്ക് രണ്ടുമണിക്കൂറിന് ശേഷമാണ് ഡോക്ടര്‍മാരെ കാണാനായത്. രാവിലെ തന്നെ ദൂര സ്ഥലങ്ങളില്‍ നിന്നുപോലും നിരവധി പേര്‍ ഡോക്ടര്‍മാരെ കാണാനെത്തി.

അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസം കൂടാതെ നടക്കുമെന്ന് അറിയിച്ചെങ്കിലും പലയിടത്തും ജൂനിയര്‍ ഡോക്ടര്‍മാരാണ് കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഐ.സിയൂണിറ്റുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ എമര്‍ജന്‍സി തിയേറ്ററൊഴികെയുള്ള ഓപ്പറേഷന്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനം പണിമുടക്കില്‍ തടസപ്പെട്ടു. മുന്‍കൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകള്‍ പലതും വൈകി. പണിമുടക്ക് അവസാനിക്കുന്നതോടെ തിയേറ്ററുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാകുമെന്ന് ആശുപത്രി അധികൃതര്‍ രോഗികളെ അറിയിച്ചിട്ടുണ്ട്., മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കറുത്ത ബാഡ്ജ് ധരിച്ചാണ് എല്ലാവരും രാവിലെ ജോലിക്കെത്തിയത്. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കി.

വാര്‍ഡുകളില്‍ കിടത്തി ചികിത്സയില്‍ തുടരുന്ന രോഗികളുടെ പരിശോധനയും നടന്നിട്ടില്ല. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കാളികളായതോടെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനം രാവിലെ പൂര്‍ണമായും നിശ്ചലമായി. ഡെന്റല്‍ ക്ലിനിക്കുകളും അടച്ചിട്ടിരിക്കുകയാണ്.

രാവിലെ ആറുമുതല്‍ ചൊവ്വാഴ്ച രാവിലെ ആറു വരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതെങ്കിലും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് സൂചനാ സമരത്തിലൊതുങ്ങിയത്. ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുണ്ടാകുന്ന അക്രമം നേരിടാന്‍ സമഗ്രമായ കേന്ദ്രനിയമം വേണമെന്നാവശ്യപ്പെട്ടും പശ്ചിമബംഗാള്‍ സംഭവത്തില്‍ പ്രതിഷേധിച്ചും ഡോക്ടര്‍മാര്‍ തിരുവനന്തപുരത്ത് രാജ്ഭവനുമുന്നില്‍ ധര്‍ണ നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഡോക്ടര്‍മാര്‍ ധര്‍ണയില്‍ പങ്കെടുത്തു.
