KOYILANDY DIARY.COM

The Perfect News Portal

യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു

തൃശൂര്‍: തൃശൂര്‍ വെളളിക്കുളങ്ങരയില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. ജില്ലാ പൊലീസ് മേധാവി മൂന്നാഴ്ചയ്ക്ക് അകം റിപ്പോര്‍ട്ട് നല്‍കണം. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സ്ഥലം നേരില്‍ സന്ദര്‍ശിച്ചും റിപ്പോര്‍ട്ട് നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍.

ജീതു ആക്രമിക്കപ്പെടുമ്ബോള്‍ എല്ലാവരും നോക്കിനിന്നെന്ന് അച്ഛന്‍  പറഞ്ഞു. അലറിവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്നും ജീതുവിന്‍റെ അച്ഛന്‍ പ്രതികരിച്ചു. ജീതുവിനെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം നാട്ടുകാര്‍ നോക്കി നിന്നെന്ന് ആരോപണം. ആക്രമണം തടയാന്‍ യുവതിയുടെ അച്ഛനൊഴികെ ആരും ശ്രമിച്ചില്ലെന്നും, യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അച്ഛനും ഓട്ടോറിക്ഷാ ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നതെന്നും കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) ആരോപിച്ചു.

അതേസമയം യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത് തടയാന്‍ ശ്രമിച്ച അച്ഛനെ തള്ളിമാറ്റിയാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മാസങ്ങളായി പിരിഞ്ഞു താമസിക്കുന്ന ഇരുവരും പരസ്പരം സംസാരിക്കുക പോലും ചെയ്യാറുണ്ടായിരുന്നില്ല. അടുത്ത കാലത്തൊന്നും വീട്ടില്‍ നിന്ന് പുറത്ത് വരാതിരുന്ന ജീതു കുടുംബശ്രീയില്‍ നിന്ന് ലോണെടുത്ത തുക തിരിച്ചടയ്ക്കാനാണ് എത്തിയത്. ഞായറാഴ്ച 2.30നാണ് ജീതുവിനെതിരെ ആക്രമണമുണ്ടായത്.

Advertisements

നേരത്തെ തന്നെ ഭര്‍ത്താവിനെ പേടിച്ച്‌ അച്ഛനൊപ്പമായിരുന്നു ജീതു എത്തിയത്. ഇത് തിരിച്ചറിഞ്ഞ ഭര്‍ത്താവ് വിരാജു ജീതു യോഗം കഴിഞ്ഞ് ഇറങ്ങുന്നതു വരെ ഒളിച്ചിരുന്നു. യോഗം കഴിഞ്ഞ 20ലധികം അംഗങ്ങളോടൊപ്പം പുറത്തേക്ക് വന്ന ജീതുവിന് നേരെ പാഞ്ഞടുത്ത വിരാജിനെ തടയാന്‍ അച്ഛന്‍ ശ്രമിച്ചു. എന്നാല്‍ അച്ഛനെ തള്ളിമാറ്റിയ വിരാജു ജീത്തുവിന്‍റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച്‌ തീകൊളുത്തി അതിവേഗം ആളിപ്പടര്‍ന്ന തീയണയ്ക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

ഗുരുതരമായി പരിക്കേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരീരം മുഴുവന്‍ പൊള്ളലേറ്റ് ജീതു ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ ജീതുവിന്‍റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല.

യുവതി ചികിത്സയിലായതിനാല്‍ പൊലീസ് കേസ് കാര്യമായി എടുത്തില്ലെന്നും ആരോപണമുണ്ട്. സംഭവം നടന്ന് മൂന്നാം ദിവസമാകുമ്ബോഴും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ കെപിഎംഎസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാനത്തേക്ക് കടന്നതായി സംശയിക്കുന്ന വിരാജുവിനെ പിടികൂടാന്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *