യാത്രക്കാരുടെ ബാഗേജുകള്‍ തുറന്ന് സ്വര്‍ണവും പണവും മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജുകള്‍ തുറന്ന് സ്വര്‍ണവും പണവുമുള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്ന രണ്ടംഗ സംഘം പിടിയില്‍. ലോഡിംഗ് തൊഴിലാളികളായ രണ്ടുപേരെയാണ് വലിയതുറ പോലീസ് പിടികൂടിയത്. ശംഖുംമുഖം സുലൈമാന്‍ സ്ട്രീറ്റില്‍ സമീര്‍ എ, വെട്ടുകാട് രാജീവ് നഗറില്‍ ടോം ഫെര്‍ണാണ്ടസ് എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 17ന് വിമാനത്താവളത്തില്‍ കന്യാകുമാരി സ്വദേശിയായ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് 42,000 രൂപ വിലവരുന്ന 17 ഗ്രാം തൂക്കമുള്ള സ്വര്‍ണവളയും മൊബൈല്‍ഫോണുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ചതിനാണ് ഇവര്‍ പിടിയിലായത്.

എയര്‍ പോര്‍ട്ടിലെത്തുന്ന വിമാനത്തില്‍ നിന്ന് ബാഗേജുകള്‍ ക്ളിയറന്‍സ് വിഭാഗത്തിലേക്കും ക്ളിയറന്‍സ് കഴിഞ്ഞ ബാഗേജുകള്‍ വിമാനത്തിലേക്കും മാറ്റുന്ന ജോലികളിലേര്‍പ്പെടുന്നവരാണ് പിടിയിലായത്. ബാഗേജുകളുടെ സിബ്ബ് ബാള്‍ പേനയുടെ നിബ്ബ് ഉപയോഗിച്ച് തുറന്നായിരുന്നു മോഷണം. ബാഗേജുകള്‍ ലോക്ക് ചെയ്താലും സിബ്ബിന്റെ മധ്യഭാഗത്തേക്ക് ബാള്‍പേനയുടെ നിബ്ബ് കുത്തിയിറക്കിയാല്‍ ബാഗ് തുറക്കാന്‍ കഴിയും.

ഇത്തരത്തില്‍ ലോക്ക് ചെയ്ത് ഭദ്രമാക്കിയ ബാഗേജുകളില്‍ നിന്നാണ് വര്‍ഷങ്ങളായി ഇവര്‍ സാധനങ്ങള്‍ മോഷ്ടിച്ചിരുന്നത്. എയര്‍പോര്‍ട്ടിലെ ലോഡിംഗ് തൊഴിലാളികളായ ചിലര്‍ക്കും എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും സംഭവവുമായി ബന്ധമുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കന്യാകുമാരി സ്വദേശിയായ യാത്രക്കാരന്റെ ബാഗില്‍ നിന്ന് അപഹരിച്ച സ്വര്‍ണവളയും മൊബൈല്‍ ഫോണും ഇവരുടെ വീടുകളില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

