KOYILANDY DIARY

The Perfect News Portal

മോഷ്ടാവെന്ന് ആരോപിച്ച്‌ അധ്യാപകന് ആള്‍ക്കൂട്ട മര്‍ദ്ദനം

കോഴിക്കോട്: മോഷ്ടാവെന്ന് ആരോപിച്ചു കേന്ദ്രസര്‍ക്കാര്‍ ഇന്‍സ്റ്റിറ്റൂട്ടിലെ അധ്യാപകന് കോഴിക്കോട് നഗരത്തിലെ ഷോപിംങ് മാളില്‍ ആള്‍ക്കൂട്ടമര്‍ദ്ദനം. അസിസ്റ്റന്‍ഡ് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ എട്ടു ജീവനക്കാര്‍ അധ്യാപകനെ രണ്ടുമണിക്കൂര്‍ തടഞ്ഞുവച്ചു മര്‍ദ്ദിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് ഗുപ്തയ്ക്കാണ് ദുരാനുഭവം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രശാന്ത് ഗുപ്ത വൈകിട്ട് ആറുമണിയോടെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഫോക്കസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. ഭാര്യയ്ക്കായി വസ്ത്രങ്ങളും മറ്റും സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് കടയില്‍ നിന്നും മാറിനിന്നു സംസാരിക്കുകയായിരുന്നു. ഈ സമയത്ത് പ്രശാന്ത് ഗുപ്തയുടെ കയ്യില്‍ മൂന്ന് ലിപ്സ്റ്റിക് പാക്കറ്റ് ഉണ്ടായിരുന്നു.

ഇതു കണ്ട കടയിലെ ജീവനക്കാര്‍ മോഷ്ടാവാണെന്ന് ആരോപിച്ചു പ്രശാന്തിനെ സ്റ്റോര്‍റൂമിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്‌ട്രോങ് റൂമിലെത്തിയ ശേഷം വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പേഴ്‌സില്‍ ഉണ്ടായിരുന്ന 7000രൂപ പിടിച്ചുവാങ്ങിയ സംഘം രണ്ട് മെബൈല്‍ ഫോണുകളും ഒരു മോതിരവും കൈക്കലാക്കി. കൂടാതെ പ്രശാന്തിന്റെ മൂന്ന് എറ്റിഎം കാര്‍ഡുകളില്‍ നിന്നായി 95000രൂപയും എടുത്തു.

Advertisements

രണ്ടുമണിക്കൂറിലെ നീണ്ട പീഡനത്തിനു ശേഷം മോചിതനായ പ്രശാന്ത് കസബ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന പോലിസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്‌ട്രോങ് റൂമില്‍ നിന്നും പ്രശാന്തിന്റെ പേഴ്‌സും ആഭരണങ്ങളും കണ്ടെടുത്തു.

ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ സി പി രാജേഷ്, മുഹമ്മദ് അസറുദ്ദീന്‍, ഹാഷിക് ഉസ്മാന്‍, കെ നിവേദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈപ്പര്‍ മാര്‍ക്കറ്റിലെ അസിസ്റ്റന്റ്് ജനറര്‍ മാനേജര്‍ യാഹിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാളും ഫ്‌ളോര്‍ മാനേജര്‍ കമാലും ഒളിവിലാണ്.

ഐപിസി 395, 342 എന്നീ വകുപ്പുകളില്‍ കൂട്ടകവര്‍ച്ചയ്ക്ക് ഇവര്‍ക്ക് എതിരെ കേസെടുത്തു. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയിലെ അധ്യാപകനാണ് പ്രശാന്ത് ഗുപ്ത.

Leave a Reply

Your email address will not be published. Required fields are marked *