മൂന്നാഴ്ച മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ നിന്നും കണ്ടെത്തി
ഇടുക്കിയില്‍ മൂന്നാഴ്ച മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ നിന്നും കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. അടിമാലി പണിക്കന്‍കുടി വലിയപറമ്പില്‍ സിന്ധുവിൻ്റെ (45) മൃതദേഹമാണ് അയല്‍വാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ നിന്നും കണ്ടെത്തുന്നത്. ഒറ്റക്കു താമസിക്കുന്ന ബിനോയിയുടെ അടുക്കളയില്‍ അടുപ്പ് കൂട്ടുന്നതിൻ്റെ അടിയിലുള്ള ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കാമാക്ഷി സ്വദേശിയായ സിന്ധു പണിക്കന്‍കുടിയില്‍ മകനോടൊപ്പം വാടക വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതാകുന്നത്.

സിന്ധുവിനെ കാണാതായതില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് നേരത്തെ തന്നെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടായിരുന്നു. സിന്ധുവിനെ കാണാതായതിൻ്റെ തലേന്ന് സിന്ധുവും ബിനോയിയുമായി ഒരു വഴക്കുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളുടെ പരാതിയിന്മേല്‍ പൊലീസ് സിന്ധുവിൻ്റെ തിരോധാനം അന്വേഷിക്കുന്നതിനിടയില്‍ ബിനോയി ഒളിവില്‍ പോയി. ഇതാണ് അന്വേഷണം ബിനോയിയിലേക്ക് തിരിയാന്‍ ഇടയാക്കിയത്. ബിനോയിയെ വെള്ളത്തൂവല്‍ പോലീസ് തിരയുന്നു.


