മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: നാദാപുരം തൂണേരിയില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ പോലീസിന് പ്രാഥമിക വിവരങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
അതിനിടെ, കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേകം അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വടകര എ.എസ്.പി കുറുപ്പ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഏഴംഗ അന്വേഷണ സംഘമാണ് രൂപവത്കരിച്ചത്. കുറ്റ്യാടി സി.ഐ ഉള്‍പ്പെടുയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നുണ്ടെങ്കിലും ഇതുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നാദാപുരത്തിനടുത്ത് ചാലപ്പുറം വെള്ളൂര്‍ റോഡില്‍ വെച്ച് മുഹമ്മദ് അസ്ലം ആക്രമിക്കപ്പെട്ടത്. തൂണേരി ഷിബിന്‍ വധക്കേസിലെ മൂന്നാംപ്രതിയായിരുന്ന അസ്ലമിനെ ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ്ആക്രമികള് വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ശക്തമായ പോലീസ് സന്നാഹമാണ് നാദാപുരത്തും പരിസര പ്രദേശത്തും നിലനില്‍ക്കുന്നത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ യു.ഡി.എഫ് ശനിയാഴ്ച ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച തന്നെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണ നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

