മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; കേരളം പ്രതിഷേധിച്ചു

കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 4 ഷട്ടറുകളാണ് തുറന്നത്. സംഭവത്തില്‍ കേരളം പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പെരിയാര്‍ തീരത്തുള്ളവരെ ഭീതിയിലാഴ്ത്തുന്നതാണ് നടപടിയെന്നും മുന്നറിയിപ്പ് നല്‍കാതെ വെള്ളം തുറന്ന് വിട്ടത് ശരിയായില്ലെന്നും തേനി കലക്ടറെ അറിയിച്ചു. എന്നാല്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നതെന്നും ആശങ്ക വേണ്ടെന്നുമാണ് തമിഴ്‌നാടിന്റെ വിശദീകരണം.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലേക്ക് താഴ്ന്ന് തുടങ്ങിയതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. ഇപ്പോള്‍ സെക്കന്റില്‍ 2 ലക്ഷം ലിറ്റര്‍ വെള്ളം മാത്രമാണ് ഒഴുക്കി കളയുന്നത്.

അതേസമയം മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ വഴി ഉയര്‍ന്ന തോതില്‍ വെള്ളം പുറത്തേക്കൊഴുക്കേണ്ടി വരും. നിലവില്‍ അത്തരം സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

