മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി

ഡല്‍ഹി> മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹിയിലെ കേരള ഹൗസിന് മുന്നില്‍ കത്തിയുമായി യുവാവിന്റെ ആത്‌മഹത്യാ ഭീഷണി. കേരള ഹൗസിന് മുന്നില്‍ കത്തിയുമായി എത്തിയ ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് ഭീഷണിമുഴക്കിയതും ആത്‌മഹത്യശ്രമം നടത്തിയതും. സുരക്ഷ സേനയുടെ സമയോചിത ഇടപെടല്‍ മൂലം ഇയാളെ പിടികൂടി കത്തിപിടിച്ചുവാങ്ങി. തുടര്‍ന്ന് അറസ്‌റ്റ് ചെയ്‌തു.
43 വയസുള്ള വിമല്‍രാജ് 20 വര്‍ഷമായി ഡല്‍ഹിയിലാണ്. രാവിലെ ഒമ്പതരയോടെ എത്തിയ ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. കേരള ഹൗസ് ഗസ്റ്റ്ഹൗസിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസുകാര്‍ ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനായി ബാഗില്‍ നിന്ന് കത്തിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴടക്കി. ഡല്‍ഹി പൊലീസ് കൊണ്ടുപോയി. ഇതിനിടെ എന്തൊക്കയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിന് മുക്കാല്‍ മണിക്കൂറോളം മുമ്പായിരുന്നു സംഭവം. മുമ്പ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നതായി പറയുന്നു. ജോലി ചെയ്യാന്‍ സമ്മതിക്കണം എന്നും മുഖ്യമന്ത്രിയെ കാണണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ എത്തിയതെന്ന് പറയുന്നു.

