മുക്കം എ.ഇ.ഒ. ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക്

മുക്കം: വാടകക്കെട്ടിടത്തിലെ 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് വിരാമമിട്ട് മുക്കം എ.ഇ.ഒ. ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറി. മുക്കം മിനിസിവില്സ്റ്റേഷന് കെട്ടിടത്തിലേക്ക് മാറിയ എ.ഇ.ഒ. ഓഫീസ് ജോര്‍ജ് എം. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സിവില്‍ സ്റ്റേഷന് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വലതുഭാഗത്താണ് എ.ഇ.ഒ. ഓഫീസിനായി സൗകര്യമൊരുക്കിയത്. മിനിസിവില്സ്റ്റേഷന് കെട്ടിടത്തിലേക്ക് മാറുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനമാണിത്.

ചടങ്ങില്‍ നഗരസഭാ ചെയര്‍മാര്‍ വി. കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. മുക്കം എ.ഇ.ഒ. ജി.കെ. ഷീല, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ടി. ശ്രീധരന്, പി. പ്രശോഭ്കുമാര്‍, വി. ലീല, സാലി സിബി, ടി.ടി. സുലൈമാന്‍, കെ. സുന്ദരന്‍, എം.ടി. അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടനച്ചടങ്ങിനെച്ചൊല്ലി വിവാദം

മുക്കം എ.ഇ.ഒ. ഓഫീസ് ഉദ്ഘാടനത്തെച്ചൊല്ലി വിവാദം പുകയുന്നു. കാരശ്ശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്ബാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരെ ക്ഷണിക്കാതെയാണ് ഓഫീസ് ഉദ്ഘാടനം നടത്തിയത്. ഈ നാല് പഞ്ചായത്തുകളിലെയും സ്കൂളുകള്‍ മുക്കം എ.ഇ.ഒ. ഓഫീസിനുകീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കാരശ്ശേരി, കൊടിയത്തൂര്‍, തിരുവമ്ബാടി പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍.ഡി.എഫ്. ആണ്.

മുക്കം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍. ചന്ദ്രനും ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നു. നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരും പങ്കെടുത്ത ചടങ്ങില്‍നിന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വിട്ടുനില്‍ക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. എ.ഇ.ഒ. ഓഫീസിനുമുന്നില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ പേര് ആലേഖനം ചെയ്തിട്ടില്ല.
പകരം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ പേരാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍. ചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് ശിലാഫലകത്തില്‍നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി നേതൃത്വംനല്കുന്ന വിശദീകരണം.
