KOYILANDY DIARY.COM

The Perfect News Portal

ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് മിഠായിത്തെരുവിന് സമീപത്തുള്ള താജ് റോഡില്‍ വെച്ച്‌ ഭിന്നലിംഗക്കാരായ അഞ്ച് പേരെ പോലീസ് ക്രൂരമായി മര്‍ദിച്ചത്. സുസ്മിത, മമത ജാസ്മിന്‍ എന്നിവര്‍ക്ക് പോലീസ് മര്‍ദനത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.

യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പോലീസ് ആക്രമണമെന്ന് ഇവര്‍ പറയുന്നു.ജാസ്മിന് ലാത്തി കൊണ്ടുള്ള അടിയേറ്റ് പുറത്താണ് പരിക്കേറ്റിരിക്കുന്നത്. സുസ്മിതയുടെ കാലിന് പരിക്കേറ്റത് കൂടാതെ കയ്യിന്റെ എല്ല് പൊട്ടിയിട്ടുമുണ്ട്.

കോഴിക്കോട് മോഡല്‍ സ്കൂളില്‍ മൂന്ന് ദിവസമായി നടക്കുന്ന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ആക്രമിക്കപ്പെട്ടത്. കലോത്സവത്തില്‍ അവതരിപ്പിക്കുന്ന സംഘനൃത്തത്തിലെ അംഗങ്ങളായ ഇവര്‍ അതിനുള്ള ഒരുക്കങ്ങള്‍ക്ക് ശേഷം തിരിച്ച്‌ പോകവെയാണ് ആക്രമണത്തിന് ഇരയായത്.

Advertisements

റോഡിലൂടെ നടന്ന് പോകവെ അതുവഴി കടന്ന് പോയ പോലീസ് ജീപ്പ് നിര്‍ത്തുകയും അകാരണമായി മര്‍ദിക്കുകയുമായിരുന്നു. രാത്രി എന്താണ് പുറത്ത് പരിപാടി എന്ന് ചോദിച്ച പോലീസുകാര്‍ മറുപടിക്ക് കാത്ത് നില്‍ക്കാതെ മര്‍ദിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇനി തല്ലിയാല്‍ ചത്ത് പോകുമെന്ന് ഭിന്നലിംഗക്കാരില്‍ ഒരാള്‍ പറഞ്ഞപ്പോള്‍, നിങ്ങളൊക്കെ ചാവേണ്ടവരാണ് എന്ന് പറഞ്ഞ് പോലീസ് മര്‍ദനം തുടരുകയായിരുന്നു.

രാത്രി നടന്ന് പോവുകയായിരുന്ന തങ്ങളെ പോലീസിന് സംശയമുണ്ടെങ്കില്‍ കസ്റ്റഡിയിലെടുത്ത് കൊണ്ട് പോകാമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാലത് ചെയ്യാതെ റോഡിലിട്ട് തല്ലിച്ചതയ്ക്കേണ്ട കാര്യം എന്തായിരുന്നുവെന്നും ഇവര്‍ ചോദിക്കുന്നു. ഒരു ആണോ പെണ്ണോ റോഡിലൂടെ നടക്കുകയാണെങ്കില്‍ പോലീസ് മര്‍ദിക്കില്ല. കാര്യങ്ങള്‍ ചോദിച്ചറിയും.

എന്നാല്‍ ഭിന്നലിംഗക്കാരായത് കൊണ്ട് മാത്രമല്ലേ തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്ന് ഇവര്‍ ചോദിക്കുന്നു. സാരമായി പരിക്കേറ്റ ജാസ്മിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് അതിക്രമത്തിനെതിരെ ജില്ലാ കളക്ടര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

Share news

Leave a Reply

Your email address will not be published. Required fields are marked *