KOYILANDY DIARY.COM

The Perfect News Portal

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ആദ്യ റൗണ്ടില്‍ വിജയം

റിയോ: ഒളിംപിക്സ് ടെന്നിസിന്റെ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് ആദ്യ റൗണ്ടില്‍ വിജയം. നാലാം സീഡായ സാനിയ-ബൊപ്പണ്ണ സഖ്യം, ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍-ജോണ്‍ പിയോഴ്സ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. വിജയത്തോടെ ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്കോര്‍: 7-5, 6-4.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ആദ്യ മല്‍സരത്തില്‍ സാനിയയും ബൊപ്പണ്ണയും ജയിച്ചു കയറിയത്. നേരത്തെ, ഈ മല്‍സരം മഴമൂലം മാറ്റി വയ്ക്കുകയായിരുന്നു. സീഡ് ചെയ്യപ്പെടാത്ത ബ്രിട്ടന്റെ ആന്‍ഡി മറി-ഹെതര്‍ വാട്സന്‍ സഖ്യമാണ് ക്വാര്‍ട്ടറില്‍ ഇവര്‍ക്ക് എതിരാളികള്‍. സ്പെയിനിന്റെ ഡേവിഡ് ഫെറര്‍-കാര്‍ല സ്വാരസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇവര്‍ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്.

വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-പ്രാര്‍ത്ഥന തോംബാര്‍ സഖ്യവും പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ്-രോഹന്‍ ബൊപ്പണ്ണ സഖ്യവും പുറത്തായതിനാല്‍ ടെന്നിസില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക മെഡല്‍ പ്രതീക്ഷയാണ് ഈ സഖ്യം. ലണ്ടനില്‍ നടന്ന കഴിഞ്ഞ ഒളിംപിക്സില്‍ ലിയാന്‍ഡര്‍ പെയ്സിനൊപ്പം മികസഡ് ഡബിള്‍സില്‍ മല്‍സരിച്ച സാനിയ, ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

Advertisements
Share news