KOYILANDY DIARY.COM

The Perfect News Portal

മാനസികരോഗത്തിനുള്ള ഗുളികകളുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്:  മാനസികരോഗത്തിനുള്ള ഗുളികയുടെ അനധികൃത ശേഖരവുമായി  യുവാവ് ആന്‍ഡി ഗുണ്ടാ സ്ക്വാഡിന്‍റെ പിടിയിലായി. പന്നിയങ്കര കൊട്ടാരം റോഡ് ബൈത്തുല്‍ മറിയം വീട്ടില്‍ സി.ഇ.വി. സാംസല്‍ (22) ആണ് പിടിയിലായത്.  ഇയാളില്‍ നിന്ന് 420 ഗുളികകളും സ്ക്വാഡ് അംഗങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട് .

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഇയാളെ ബീച്ചില്‍ നിന്ന് പിടികൂടിയത്. നഗരത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥി- വിദ്യാര്‍ഥിനികളും മറ്റ് യുവജനങ്ങളെയും ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.  പലതരം മാനസിക വിഭ്രാന്തിക്ക് മരുന്നായി ഉപയോഗിക്കുന്നതാണ് ഈ ഗുളികകള്‍. ഡോക്ടര്‍മാരുടെ കുറിപ്പോടെ മാത്രം കഴിക്കേണ്ടവയാണിത്.  ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാല്‍ ഗുളികകള്‍ക്ക് അടിമപ്പെടും.  തുടര്‍ന്ന് ഉപയോക്താക്കള്‍ എന്ത് വിലകൊടുത്തും ഇത് വാങ്ങാന്‍ ശ്രമിക്കും.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വിലക്ക് വാങ്ങിയാണ് ഇവിടെ വില്‍പന നടത്തുന്നത്.  ഒരു സ്ട്രിപ്പിന് 40 രൂപ വരുന്ന ഗുളിക ആവശ്യക്കാര്‍ക്ക് 500 മുതല്‍ 1000 രൂപ വരെ ഈടാക്കിയാണ് വില്‍ക്കുന്നത്.  രാത്രി കാലങ്ങളില്‍ ബീച്ചിലും പരിസരങ്ങളിലും വീട്ടില്‍പോകാതെ കറങ്ങി നടക്കുന്ന യുവാക്കളും ആവശ്യക്കാരാണ്. ഈ ഗുളികക്ക് അടിമപ്പെട്ട പല യുവാക്കളും ക്രിമിനല്‍ കേസുകളില്‍പെട്ട് ജില്ലയിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ആഴ്ച ആന്‍റി ഗുണ്ടാ സ്ക്വാഡ് പിടികൂടിയ വാഹന, ഭവന ഭേദന കേസുകളില്‍ പ്രതിയായവര്‍ ഈ ഗുളികകളുടെ അടിമകളാണ്. മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി യുവാക്കളെയും മറ്റും നിരീക്ഷിച്ച്‌ വരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ടൗണ്‍ സി.ഐ. മനോജിന്‍റെ നേതൃത്വത്തിലുള്ള ആന്‍റി ഗുണ്ടാ സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *