മഹാരാഷ്ട്രയില്‍ നാല് എം.എല്‍.എ മാര്‍ രാജിവെച്ചു; ബി.ജെ.പിയില്‍ ചേര്‍ന്നേക്കും

മുംബൈ: ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്ന അഭ്യൂഹം പടരുന്നതിനിടെ മഹാരാഷ്ട്രയില്‍ നാല്എന്.സി.പി, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചു. 288 സീറ്റുകളില്‍ 220 ഉം നേടി അടുത്ത തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുമെന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാഹചര്യത്തിലാണ് രാജി.
നാലു പേരും ബുധനാഴ്ച തന്നെ ബി.ജെ.പിയില്‍ ചേരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം അവശേഷിക്കവേയാണ് ഈ കൂടുവിട്ട് കൂടുമാറ്റം. എന്‍.സി.പിയുടെ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ), സന്ദീപ് നായിക് (ഐറോലി), കോണ്‍ഗ്രസിലെ കാളിദാസ് കൊലാംകര്‍ എന്നിവരാണ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്.

മണ്ഡലത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിലാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ശിവേന്ദ്രസിംഹ രാജെ ഭോസലെ പ്രതികരിച്ചു. സതാരെ എം.പിയും എന്‍സിപി നേതാവുമായ ഉദയന്‍രാജെ ഭോസലേയുടെ അടുത്ത ബന്ധു കൂടിയാണ് ഇദ്ദേഹം. എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായ മധുകര്‍ പിചഡിന്റെ മകനാണ് വൈഭവ് പിചഡ്. മുംബൈയില്‍ നിന്നും ഏഴുതവണ നിയമസഭയിലെത്തിയ എം.എല്‍.എ ആണ് കൊലാംകര്‍.

