KOYILANDY DIARY.COM

The Perfect News Portal

മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വ ദിനത്തില്‍ ഭാരത് ഭവന്‍ ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നു

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വ ദിനത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ അര്‍ത്ഥ പൂര്‍ണ്ണമായ ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നു. സബ്കോസന്മതി എന്ന പേരില്‍ 40 മിനുട്ട് ദൈര്‍ഘ്യത്തിലാണ് ഇന്ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ഈ മള്‍ട്ടീമീഡിയ ദൃശ്യവിരുന്ന് അരങ്ങേറുക. വൈകീട്ട് ഏഴിനാണ് പ്രദര്‍ശനം.

മഹാത്മാജിയുടെ മരണ വേളയില്‍ ഒപ്പമുണ്ടായിരുന്ന വിഖ്യാത പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുടെ റിപ്പോര്‍ട്ടും, രാഷ്ട്രപിതാവ് വിടപറഞ്ഞപ്പോള്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ വികാര നിര്‍ഭരമായ പ്രസംഗവും, കാലങ്ങള്‍ക്കു ശേഷം കവി മധുസൂധനന്‍ നായര്‍ എഴുതിയ ‘തനിയെ നടക്കുന്നു ഗാന്ധി’ എന്ന കവിതയും ഐന്‍സ്റ്റീന്‍, നെല്‍സണ്‍ മണ്ടേല, അയ്യങ്കാളി എന്നിവര്‍ ഗാന്ധിജിയെക്കുറിച്ചു രേഖപ്പെടുത്തിയ ചരിത്ര വാക്യങ്ങളും ഇഴചേര്‍ത്ത് ചലച്ചിത്രം, നാടകം, മൈം, ആധുനിക നൃത്തസമന്വയം, സംഗീതം എന്നിവ സമന്വയിപ്പിച്ചാണ് സബ്കോസന്മതി വേദിയിലെത്തുന്നത്.

നാടക ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ആശയവും ആവിഷ്ക്കാരവും നിര്‍വ്വഹിക്കുന്ന വേറിട്ട ഈ ദൃശ്യവിരുന്നിന് ഫിറോസ് ഖാന്‍ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നു. വൈകുന്നേരം 5 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ‘രക്തസാക്ഷ്യം 2018’ എന്ന സാംസ്കാരികകൂട്ടായ്മയ്ക്കും, തുഷാര്‍ഗാന്ധി വിഷയാവതരണം നടത്തുന്ന ‘ഗാന്ധിയും സമകാലീന ഭാരതവും’ എന്ന സെമിനാറിനും രാവിലെ മുതല്‍ നടക്കുന്ന ഗാന്ധി എക്സിബിഷനും അനുബന്ധമായാണ് വൈകുന്നേരം 7 മണിയ്ക്ക് സബ്കോസന്മതി എന്ന മള്‍ട്ടീ മീഡിയ ദൃശ്യാവതരണം പ്രേക്ഷക സമക്ഷം എത്തുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *