മര്‍കസ് നബിദിന കാമ്പയിന് പ്രൗഢമായ തുടക്കം

കോഴിക്കോട് : മര്‍കസ് നബിദിന കാമ്പയിന് പ്രൗഢമായ തുടക്കം. പുലര്‍ച്ച അഞ്ചു മണിക്ക് മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന മൗലിദുല്‍ അക്ബര്‍ പാരായണത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആറു മണിക്ക് മര്‍കസ് ഓഡിറ്റോറിയത്തില്‍ ശഅറെ മുബാറക് ജല്‍സ തുടങ്ങി. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രവാചകന്‍ മുഹമ്മദിനോടുള്ള സ്നേഹ പ്രകടനം ഇസ്ലാമിക വിശ്വത്തിന്റെ അടിസ്ഥാന ഘടങ്ങളില്‍ ഒന്നാണെന്നും പരമ്ബരാഗതമായി മുസ്ലിങ്ങള്‍ ലോകത്തെല്ലായിടത്തും പ്രവാചകര്‍ ജനിച്ച അറബി മാസമായ റബീഉല്‍ അവ്വലില്‍ വിവിധ രൂപത്തിലുള്ള നബിസ്നേഹപരിപാടികള്‍ നടത്തുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു.

പ്രവാചകരുടെ ആശയങ്ങള്‍ തെറ്റായി വ്യാഖാനിക്കാനും പ്രചിരിപ്പിക്കാനും ശ്രമിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം നിയമപാലകരും സമൂഹവും മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. നാടുകാണിയില്‍ മഖ്ബറ തകര്‍ത്ത സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തവര്‍ ഇത്തരത്തില്‍ ഇസ്ലാമിനെ തെറ്റായി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്- കാന്തപുരം പറഞ്ഞു.

സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം. കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സി മുഹമ്മദ് ഫൈസി, കല്‍ത്തറ അബ്ദുല്‍ ഖാദര്‍ മദനി, പൊന്മള മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി , വിപിഎം ഫൈസി വില്യാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു.

