മയ്യന്നൂരില്‍ മുസ്ലിംലീഗ് -സി.പിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

വടകര : മയ്യന്നൂരില്‍ മുസ്ലിംലീഗ് -സി.പിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരു പാര്‍ട്ടികളുടെയും ഓഫീസുകള്‍ അക്രമിക്കപ്പെട്ടു. ടൗണില്‍ എസ്.കെ.എസ്.എസ്.എഫ് സ്ഥാപിച്ച ബോര്‍ഡുകളും തകര്‍ത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മയ്യന്നൂര്‍ ശാഖാ ലീഗ് ഓഫീസ് അക്രമിക്കപ്പെട്ടു. സി.പി.എമ്മിന്റെ മയ്യന്നൂര്‍ ടൗണിലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. സംഘമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ മുസ്ലിംലീഗ് ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തല്ലി തകര്‍ത്തു.

മുസ്ലിംലീഗ് പ്രദേശിക നേതാവ് ചെത്തില്‍ സുബൈറിന്റെ വീടിനു നേരെയും അക്രമമുണ്ടായി. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിനു മുമ്ബിലുണ്ടായിരുന്ന കസേരകള്‍ വലിച്ചെറിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. സുബൈറിന്റെ സഹോദര ഭാര്യ ഷംസീറ(27), മരുമകന്‍ നിഷാദ്(17)എന്നിവരെ പരുക്കേറ്റ് വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്താണ് അക്രമികള്‍ സ്ഥലം വിട്ടത്.

സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസിനു നേരെയും ആക്രമണമുണ്ടായി. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ ഷാജി, അനീഷ്, നിധിന്‍ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് മയ്യന്നൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു. പൊലീസിനെ അക്രമിച്ച സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകരെയും ഒരു ലീഗ് പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തു. നടക്കുതാഴ പുതിയോട്ട് മീത്തല്‍ പ്രകാശന്‍, മയ്യന്നൂര്‍ പാലോള്ള പറമ്ബത്ത് സജീഷ്, മയ്യന്നൂര്‍ കല്ലുനിരപറമ്ബത്ത് വിജീഷ്, തട്ടാറത്ത് മീത്തല്‍ വിബീഷ്, കാവി മക്കാരത്ത് അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ക്രമസമാധാന പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന പ്രദേശത്ത് സി.പി.എമ്മുകാര്‍ ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് മുസ്ലിംലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. അക്രമത്തിനെതിരെ മയ്യന്നൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മയ്യന്നൂരില്‍ നടന്ന പ്രതിഷേധ സംഗമം ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ പി.പി റഷീദ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പരിപാടികള്‍ക്ക് യൂനുസ് രാമത്ത്, ഷാഫി മേമുണ്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മയ്യന്നൂരിലെ അക്രമത്തില്‍ വില്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുന്ന സി.പി.എമ്മുകാരെ നേതൃത്വം നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ടി. ഭാസ്കരന്‍, കാവില്‍ രാധാകൃഷ്ണന്‍, ദിനേശ് ബാബു, യു.കെ കുഞ്ഞിമൂസ, എന്‍.പി വിദ്യാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
