KOYILANDY DIARY

The Perfect News Portal

മമ്മൂട്ടിയ്ക്ക് ഭീകരമായ ഒരു അസുഖവുമില്ല; ദേ ആശുപത്രി ജീവനക്കാര്‍ക്കൊപ്പം ജോളിയായി മെഗാസ്റ്റാര്‍

ചെറിയൊരു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മമ്മൂട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കകം മെഗാസ്റ്റാര്‍ ഗുരുതരാവസ്ഥയില്‍ എന്ന പോസ്റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ അടിച്ചിറക്കി. കേട്ടവര്‍ കേട്ടവര്‍ തങ്ങളടെ ഭാഗത്തുനിന്നുള്ള സംഭാവനയും നല്‍കി വാര്‍ത്ത പെരുപ്പിച്ചതോടെ മമ്മൂട്ടി ആശുപത്രിയില്‍ ഗുരുതരമായ അവസ്ഥയോടെ അഡ്മിറ്റ് ചെയ്തു എന്ന തരത്തിലേക്ക് മാറി കാര്യങ്ങള്‍. എന്നാല്‍ അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ല എന്നതാണ് വാസ്തവം കുതിര വട്ടം പപ്പുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ചെറിയോരു രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു മമ്മൂട്ടിയ്ക്ക്. അത് ഉറക്കമിളച്ചതിന്റെയും ബിപിയുടെ മരുന്ന് കഴിക്കാത്തതിന്റെയുമായിരുന്നു. പത്തേമാരിയുടെ 150 ാം ദിവസത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് ദുബായിലായിരുന്നു മമ്മൂട്ടി. അത് കഴിഞ്ഞ് ഒരു കലാ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മുംബൈയില്‍ എത്തി. ഷൂട്ടിങ് തിരക്കും യാത്രകളുമൊക്കെയായപ്പോള്‍ ശരിയായ ഉറക്കം ലഭിച്ചില്ല. അതിന്റെ ചില അസ്വസ്ഥതകള്‍ മാത്രമേ മമ്മൂട്ടിയ്ക്ക് ഉണ്ടായിരുന്നുള്ളൂ ഇനി പ്രശ്‌നം ആശുപത്രിയില്‍ എത്തിച്ചതാവും. കലശലായ തലവേദനയും പനിയും കാരണമാണ് മമ്മൂട്ടിയെ അന്ധേരി സെവന്‍സ് ഹില്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അന്ന് തന്നെ മുംബൈയില്‍ നിന്ന് ബാംഗ്ലൂരിലെത്തി. ഡോക്ടറായ മകള്‍ തന്റെ മതര്‍ഹുഡ് ആശുപത്രിയില്‍ വച്ചും പരിശോധന നടത്തി വാപ്പച്ചിയ്ക്ക് ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി. പനിയും തലവേദനയും മാറി, ബിപി നോര്‍മലായ മമ്മൂട്ടി വീണ്ടും ലൊക്കേഷനിലേക്ക് മടങ്ങും. രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി എത്തുന്നതെന്നാണ് അറിവ്.