KOYILANDY DIARY.COM

The Perfect News Portal

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ശരിവയ്ക്കുകയാണ് ഇടത് മുന്നണി സര്‍ക്കാരും.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമ പ്രകാരം പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കുന്നത് തടയണമെന്നും സര്‍ക്കാരിനു വേണ്ടി നേരിട്ട് ഹാജരായ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വിവരവകാശ നിയമ പ്രകാരം പുറത്തു വിടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പ്രഖ്യാപിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ഉത്തരവായാല്‍ പുറത്ത് വിടാം. അല്ലാതെ അവ പുറത്ത് വിടുന്നതിന് പ്രായോഗികമായി തടസങ്ങളുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു വിവരാവകാശ കമ്മീഷണറുടെ നിലപാട്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisements
Share news