മഥുര സംഭവം : മരണ സംഖ്യ 27 ആയി ഉയരന്നു പലരുടെയും സ്ഥിതി അതീവ ഗുരുതരം

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മഥുരയില്‍ അനധികൃത ഭൂമികൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലീസിനു നേരെ ആള്‍ദൈവത്തിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തിനിടെ എസ്പിയും എസ്ഐയും ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു. പലരുടെയും സ്ഥിതി അതീവ ഗുരുതരം. അക്രമികളും പൊലീസും പരസ്പരം നടത്തിയ വെടിവയ്പിലാണ് ഇത്രയും ജീവനുകള്‍ പൊലിഞ്ഞത്.
ജവഹര്‍ബാഗില്‍ 280 ഏക്കര്‍ സര്‍ക്കാര്‍ഭൂമി രണ്ടുവര്‍ഷമായി കൈയേറിയ ആസാദ് ഭാരത് വൈദിക് വൈചാരക് സത്യഗ്രഹ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഘര്‍ഷമുണ്ടായത്. 2012ല്‍ അന്തരിച്ച വിവാദ ആള്‍ദൈവം ബാബാ ജയ് ഗുരുദേവിന്റെ മൂവായിരത്തോളം അനുയായികളെ ഒഴിപ്പിക്കുന്നതിനിടെയാണ് സംഭവം. അലഹബാദ് ഹൈക്കോടതി ഉത്തരവുപ്രകാരം കൈയേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയതായിരുന്നു പൊലീസ്്. പൊലീസിനുനേരെ നാടന്‍തോക്കും ഗ്രനേഡും മറ്റു മാരകായുധങ്ങളും പ്രയോഗിച്ചു. ടെന്റുകളില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ക്ക് ചിലര്‍ തീകൊളുത്തിയതോടെ ഉഗ്രസ്ഫോടനമുണ്ടായി. മരങ്ങളില്‍ കയറിയും മറ്റും കൈയേറ്റക്കാര്‍ പൊലീസിനുനേരെ വെടിയുതിര്‍ത്തു. ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് ഡിജിപി ജാവേദ് അഹമ്മദ് പ്രതികരിച്ചു.

മഥുര എസ്പി മുകുള്‍ ദ്വിവേദി, സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ സന്തോഷ് യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും കൈയേറ്റക്കാര്‍ പിരിഞ്ഞുപോകാത്തതിനെതുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പിലാണ് സ്ത്രീ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടത്. അക്രമികളുടെതന്നെ വെടിയേറ്റാണ് ഇതില്‍ 11 പേര്‍ മരിച്ചതെന്ന് പൊലീസ് അവകാശപ്പെട്ടു. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എസ്പി മുകുള്‍ ദ്വിവേദിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് മരിച്ചു. സന്തോഷ് യാദവ് തലയ്ക്ക് വെടിയേറ്റാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 23 പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലര്‍ക്കും വെടിയേറ്റിട്ടുണ്ട്. വെള്ളിയാഴ്ച സംഭവസ്ഥലത്തുനിന്ന് പൊലീസ് 47 നാടന്‍തോക്കും 178 ഗ്രനേഡും പിടിച്ചെടുത്തു.

ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന രാംവൃക്ഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ ദേശീയസുരക്ഷ നിയമപ്രകാരം കേസെടുത്തു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടാന്‍ 12 പൊലീസ് സംഘങ്ങളെ ചുമതലപ്പെടുത്തി. 320 പേരെ അറസ്റ്റ് ചെയ്തു. ആസൂത്രിതമായി സംഘര്‍ഷമുണ്ടാക്കിയതിനാണ് 124 പേരെ അറസ്റ്റ് ചെയ്തത്. 196 പേരെ കരുതല്‍ തടങ്കലിന്റെ ഭാഗമായിട്ടാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 116 പേര്‍ സ്ത്രീകളാണ്. മഥുരയിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് സമ്മതിച്ചു. മതിയായ തയ്യാറെടുപ്പ് ഇല്ലാതെയുള്ള നീക്കമാണ് വിനയായത്. മാരകായുധങ്ങള്‍ സൂക്ഷിച്ചിരുന്നത് മനസ്സിലാക്കാന്‍ സാധിക്കാത്തത് ഇന്റലിജന്‍സ് പരാജയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു. യുപി സര്‍ക്കാരില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് അറിയിച്ചു. അഖിലേഷ് യാദവ് സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതിയും ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി എടുക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട പൊലീസുകാരുടെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. എന്നാല്‍, സഹായധനം ആവശ്യമില്ലെന്നും മകന്റെ മരണത്തിന് കാരണം സര്‍ക്കാരാണെന്നും മുകുള്‍ ദ്വിവേദിയുടെ അമ്മ പറഞ്ഞു.
