മഞ്ഞപ്പിത്ത ബാധയുണ്ടായതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം: കോട്ടയത്തെ മാന്നാനം കെ ഇ കോളേജില്‍ കൂട്ടത്തോടെ മഞ്ഞപ്പിത്ത ബാധയുണ്ടായതിനെതുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം നേമം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. നേമം താന്നിക്കവിളാകം ഇടയ്ക്കോട് സ്നേഹയില്‍ സുരേഷ് കുമാര്‍- പ്രീത ദമ്ബതികളുടെ മകന്‍ പ്രേം സാഗര്‍ (18) ആണ് മരിച്ചത്. സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു പ്രേം.
16 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം വീട്ടിലേക്കു മടങ്ങുകയായിരുന്നു. മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. അച്ഛന്‍ കൂലിപ്പിണിക്കാരനാണ്. അമ്മ അര്‍ബുദത്തിന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സഹോദരി സ്നേഹ പൂജപ്പുര രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്ക്കാലിക ജീവനക്കാരിയാണ്.

വീടിന്റെ അവസ്ഥ മനസ്സിലാക്കിയ പ്രേമിനെ പരിചരിക്കാന്‍ ഏതാനും കൂട്ടുകാര്‍ കൂടെയുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി 200 ഓളം പേര്‍ക്ക് മാന്നാനത്ത് അസുഖം ബാധിച്ചിട്ടുണ്ടെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാന്നാനം കോളേജിലെ ഒരു അദ്ധ്യാപകന്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൊളേജില്‍ രോഗം പടരാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

