ഭീകരതയുടെ നേര്‍ ചിത്രമായി സിറിയന്‍ ബാലന്‍ ഉമ്രാന്‍ ദഖ്നീശ്; വാര്‍ത്താ വായനക്കിടെ സിഎന്‍എന്‍ അവതാരകയും ലോകത്തോടൊപ്പം കണ്ണീരണിഞ്ഞു

ദമാസകസ്: യുദ്ധമെന്ന ഭീകരതയുടെ നേര്‍ ചിത്രമായി സിറിയന്‍ ബാലന്‍ ഉമ്രാന്‍ ദഖ്നീശ്. വടക്കന്‍ സിറിയന്‍ നഗരമായ അലെപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു അത്ഭുതകരമായി രക്ഷപ്പെട്ട അഞ്ചുവയസുകാരന്‍ ഉമ്രാന്‍ ആംബുലന്‍സില്‍ ഇരിക്കുന്ന ചിത്രം അതിവേഗം ലോകമൊട്ടുക്ക് പ്രചരിക്കുകയാണ്.
സിറിയന്‍ പ്രതിപക്ഷ സംഘടനയായ അലെപ്പോ മീഡിയ ഗ്രൂപ്പ് പുറത്തുവിട്ട വിഡിയോ സമൂഹ മാധ്യമങ്ങളില്‍ അതീവ ശ്രദ്ധ നേടിക്കഴിഞ്ഞു. പൊടിയിലും ചോരയിലും കുതിര്‍ന്ന ബാലനെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് വലിച്ചെടുക്കുകയായിരുന്നു. ഉമ്രാന്റെ മൂന്നു സഹോദരങ്ങളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോ പിടിക്കാന്‍ രൂക്ഷമായ ആക്രമണമാണ് സിറിയന്‍ സേന നടത്തുന്നത്.

കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ചിത്രമടങ്ങിയ ടി ഷര്‍ട്ട് പൊടിയില്‍ മുങ്ങിയിട്ടുണ്ട്. മുഖത്തിന്റെ ഇടതുവശം രക്തത്തില്‍ക്കുളിച്ചുനില്‍ക്കുന്നു. ചുറ്റുപാടുമുണ്ടാകുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ അവന്‍ നിശബ്ദനായിരിക്കുന്നു. അഞ്ചുവയസ്സോ അതില്‍ കുറവോ ആണ് ഒമ്രാന്റെ പ്രായമെന്നു കണക്കാക്കുന്നത്. സിറിയയില്‍ യുദ്ധം തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായി. അവന്‍ കാണുന്നതെല്ലാം യുദ്ധത്തിന്റെ ബാക്കിപത്രമാണ്. അതിനാലാവാം രക്ഷാപ്രവര്‍ത്തകര്‍ കോരിയെടുക്കുമ്ബോള്‍ പേടിയോ സങ്കടമോ പരിഭ്രമമോ അവന്‍ കാണിക്കാതിരുന്നത്.

പക്ഷെ ഈ ആക്രമണത്തില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സിറിയന്‍ ഭരണകൂടവും റഷ്യയുമാണ് ആക്രമണത്തിനുപിന്നിലെന്നാണ് ആരോപണം. എന്തായാലും ഉമ്രാന്റെ ഞെട്ടിപ്പിക്കുന്ന ഈ ചിത്രം പ്രചരിച്ചതോടെ അലപ്പോയില്‍ വെടിനിര്‍ത്തലിനു തയാറാണെന്നു റഷ്യന്‍ സൈന്യം ഇന്നലെ അറിയിച്ചിട്ടുണ്ട്.

https://youtu.be/EhExsYL_ruU
