ഭാര്യയെയും മൂന്നു മക്കളെയും വെട്ടിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊച്ചി: ഭാര്യയെയും മൂന്നു മക്കളെയും ക്രൂരമായി വെട്ടിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊച്ചി കരുവേലിപ്പടി റഫീഖ് ആണ് ആത്മഹത്യ ചെയ്തത്. റഫീഖിന്റെ വെട്ടേറ്റ ഭാര്യ ജാന്‍സി മരിച്ചു.
റഫീക്കിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു മക്കളെയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്.

രാത്രി വൈകി മക്കള്‍ ഉറങ്ങിയ ശേഷമാണ് റഫീക്ക് ഭാര്യ ജാന്‍സിയെ കിടപ്പുമുറിയില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. വാക്കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. പിന്നീട് ഹാളിലെ ഫാനില്‍ തൂങ്ങിമരിക്കാന്‍ കുരുക്ക് തയാറാക്കി വച്ചു. ഇതിനുശേഷം മക്കള്‍ ഉറങ്ങിക്കിടന്ന ബെഡ്‌റൂമിലെത്തി ഇവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു.

എന്നാല്‍ കയ്യില്‍ വെട്ടേറ്റ മൂത്തമകന്‍ ഉണര്‍ന്ന് റഫീക്കിന്റെ ശ്രമം തടഞ്ഞു. രണ്ടുമക്കളുടെ തലയ്ക്കും കൈയ്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പുറത്തുനിന്ന് ആരോ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മക്കള്‍ ആദ്യം കരുതിയത്. റഫീക്കിനെ തള്ളിമാറ്റി ഹാളില്‍ എത്തിയപ്പോഴാണ് അക്രമിച്ചത് സ്വന്തം പിതാവാണെന്ന് ഇവര്‍ അറിഞ്ഞത്. തുടര്‍ന്ന് റഫീക്ക് ഹാളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. മക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തോപ്പുംപടി പാണ്ടിക്കുടിയിലെ കുടുംബവീട് വിറ്റശേഷം നാലു മാസമായി കരുവേലിപ്പടിയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വീട് വിറ്റതടക്കമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ റഫീക്കിനെ അലട്ടിയതായി പറയപ്പെടുന്നു. സംഭവത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
