ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്നു

തൃശൂര്‍: നടുറോഡില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി വിരാജുവിന്റെ ഭാര്യയും മോനൊടി കണ്ണോളി ജനാര്‍ദ്ദനന്റെ മകളുമായ ഗീതു( 26)വാണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ വിരാജുവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിരാജവുവിന്റെ വീടിന് മുന്നില്‍ വച്ചാണ് സംഭവം നടന്നത്. മോനൊടിയിലെ വീട്ടിലായിരുന്ന ഗീതു ചെങ്ങാലൂരിലെ കുടുംബശ്രീ യൂണിറ്റിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പിതാവിനൊപ്പം എത്തിയതായിരുന്നു. യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന ഗീതുവിനെ കാത്ത് വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്നു വിരാജു.

ഗീതു വീടിന് മുന്നിലെത്തിയപ്പോള്‍ കൈയില്‍ കരുതിയിരുന്ന കന്നാസിലെ പെട്രോള്‍ ഗീതുവിന്റെ ശരീരത്തില്‍ ഒഴിക്കുകയും കത്തിക്കുകയുമായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. കണ്ടുനിന്ന നാട്ടുകാരാരും തന്നെ ഗീതുവിനെ രക്ഷിക്കാന്‍ ശ്രമിച്ചതുമില്ല. ഗുരുതര പൊള്ളലേറ്റ ഗീതുവിനെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വിരാജുവും ഗീതുവും സംയുക്തമായി വിവാഹ മോചനത്തിനായി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല.

