ബൈക്ക് മോഷണസംഘത്തിലെ 4 പേർ കൊയിലാണ്ടി പോലീസ് പിടിയിലായി

കൊയിലാണ്ടി: ബൈക്ക് മോഷണ സംഘത്തിലെ നാല് യുവാക്കളെ വാഹന പരിശോധനക്കിടെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഒരു മനയൂർ കുന്നുമ്മൽ ദിൽഷാദ് മജീദ് (23), കുന്നംകുളത്ത് വാടക വീട്ടിൽ താമസിക്കുന്ന പാട്ടുകുളങ്ങര വടക്കെകാട് മുഹസിൻ (23), മുക്കം മണാശ്ശേരി, നെട്ടമങ്ങാട്ട് ശ്രീജിത്ത് (24), മുക്കം ലക്ഷംവീട് ആലിൻതറ ഹരിദാസൻ (33) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനക്കിടെ ദിൽഷാദ് മജീദിനെയും, മുഹസിനെയും ചോദ്യം ചെയ്തപ്പോഴാണ് വാഹനം കളവ് ചെയ്തതാണെന്ന് വ്യക്തമായത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ട് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഒന്നും, രണ്ടും, മൂന്നും, പ്രതികൾ എഞ്ചിനീയറിംഗ് ബിരുദധാരികളാണ്. എന്നാൽ ഇതിലെ പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് പറഞ്ഞു. ശ്രീജിത്തും ഹരിദാസും മോഷ്ടിക്കുന്ന ബൈക്കുകൾ ദിൽഷാദ് മജീദും, മുഹസിനുമാണ് വിവിധ സ്ഥലങ്ങളിൽ വിൽക്കുന്നത്.

മുക്കം, മണാശേരി, വയനാട്, എന്നിവിടങ്ങളിൽ നിന്നാണ് ബൈക്ക് മോഷ്ടിക്കുന്നത്, ഇങ്ങനെയുള്ള ബൈക്കുകൾ ചുരിങ്ങിയ വിലയ്ക്കാണ് വിൽക്കുന്നത്, മോഷ്ടിച്ച ബൈക്കിൽ മൂന്നെണ്ണം കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഒരു ബൈക്കുകൂടി കണ്ടെത്താനുണ്ട്. ഇത് സംബന്ധിച്ച് നാല് കേസ്സുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

കൊയിലാണ്ടി സി.ഐ.കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ. സി. കെ. രാജേഷ്, കെ.ബാബുരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പി.ഗിരീഷ്, ഇ.ഗണേശൻ, രാജു കുമാർ, കെ.ചന്ദ്രൻ, ഒ.കെ.സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

