ബി. ജെ. പി. ഹർത്താൽ: നേരിയ സംഘർഷം. തുറന്നു പ്രവർത്തിച്ച സർക്കാർ സ്ഥാപനങ്ങൾ അടപ്പിച്ചു

കൊയിലാണ്ടി: പയ്യോളിയിൽ ബി.ജെ.പി.പ്രവർത്തകരുടെ പ്രകടനത്തിന് നേരെ സി.പി.എം. അക്രമം നടത്തി എന്നാരോപിച്ച്
കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ ബി.ജെ.പി.ആഹ്വാനം ചെയ്ത ഹർത്താൽ നേരിയ സംഘർഷം ഒഴിച്ചാൽ സമാധാനപരമായിരുന്നു. തുറന്ന് പ്രവർത്തിച്ച ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും പതിനൊന്നര മണിയോടുകൂടി പ്രവർത്തകർ സംഘം ചേർന്ന് എത്തി അടപ്പിക്കുകയായിരുന്നു. സിവിൽ സ്റ്റേഷനിൽ വിവിധ വകുപ്പുഓഫീസുകളിൽ 10 മണിമുതൽ പ്രവർത്തനമാരംഭിച്ചെങ്കിലും 12 മണിയോടുകൂടി പ്രവർത്തകരെത്തി അടപ്പിക്കാൻ ശ്രമിച്ചു.
കൊയിലാണ്ടി കൃഷിഭവൻ, ഫിഷറീസ് ഓഫീസ് എന്നിവയും പ്രവർത്തിച്ചു. കോടതികൾ സാധാരണപോലെ പ്രവർത്തിച്ചു.
നഗരസഭാ ഓഫീസ് പ്രവർത്തിച്ചെങ്കിലും ഹാജർനില കുറവായിരുന്നു. ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുകയുണ്ടായി. വാഹനങ്ങൾ ഓടിക്കുന്നതിന് തടസ്സമില്ലെങ്കിലും സംഘർഷം ഭയന്ന് പലരും റോഡിലിറക്കാതെ നിർത്തിയിട്ടു. രാവിലെ ബി.ജെ.പി. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടന്നു.

