ബിവറേജസ് മദ്യഷാപ്പുകളെ കണ്ടെത്താന്‍ ബോര്‍ഡ് നോക്കി അലയണ്ട, നിറം കണ്ട് തിരിച്ചറിയാം

തിരുവനന്തപുരം: ഏത് മൂലയ്ക്കായാലും ബിവറേജസ് മദ്യഷാപ്പുകളെ കണ്ടെത്താന്‍ ബോര്‍ഡ് നോക്കി അലയണ്ട, നിറം കണ്ട് തിരിച്ചറിയാം! സംസ്ഥാനത്തെ ഔട്ട്‌ലെറ്റുകള്‍ക്ക് ഇനി ഒരേ നിറം. ഓണത്തിന് മുമ്ബ് പെയിന്റടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. അതോടെ സംസ്ഥാനത്ത് എവിടെപ്പോയാലും ബിവറേജസ് ഷാപ്പുകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. ചുവപ്പുനിറത്തില്‍ മഞ്ഞയും നീലയും വരകളാകും ഷാപ്പുകള്‍ക്ക്. ബിവ്‌കോ എന്ന എഴുത്തും ലോഗോയും ഒരേ രീതിയില്‍. വെളിച്ചത്തിന്റെ ലഭ്യതയനുസരിച്ച് കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം. കൂടുതല്‍ കൗണ്ടറുകള്‍, ഗ്ലാസ് വാതിലുകള്‍, മേല്‍ക്കൂരയില്‍ ഷീറ്റ് വിരിക്കല്‍, തറയില്‍ ടൈലുകള്‍ എന്നിവ നടത്തിയും മോടി പിടിപ്പിക്കാം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെ ചെലവാക്കാം എന്നാണ് നിര്‍ദേശം.
സര്‍ക്കാരിന് മികച്ച വരുമാനം നല്‍കുന്നതാണെങ്കിലും ബിവറേജസ് മദ്യശാലകള്‍ പലയിടത്തും ശോച്യാവസ്ഥയിലാണ്. മോടിയുള്ള പുതിയ വാടകക്കെട്ടിടങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാ മദ്യശാലകളിലും യൂണിഫോമിലുള്ള സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനും നീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് 270 മദ്യ വില്‍പ്പനശാലകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്.

മിക്ക മദ്യശാലകളും പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. അതിനാല്‍, കെട്ടിടം ഉടമസ്ഥന്‍ തന്നെ പെയിന്റടിക്കണം. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉടമയും ബിവറേജസ് കോര്‍പറേഷനും തമ്മില്‍ കരാറുണ്ട്. പെയിന്റടിക്കാന്‍ ചെലവാകുന്ന തുക കോര്‍പറേഷന്‍ റീ ഫണ്ട് ചെയ്യുമെന്നാണ് ധാരണ. ഇതുപ്രകാരം ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മേല്‍നോട്ട ചുമതല റീജിയണല്‍ മാനേജര്‍മാര്‍ക്കാണെന്ന് ബെവ്‌കോ കമ്ബനി സെക്രട്ടറി ജോണ്‍ ജോസഫ് പറഞ്ഞു.

