ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഇനി ഞായറാഴ്ചകള്‍ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം അടിച്ചുപൊളിക്കാം

കൊച്ചി: ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഇനി ഞായറാഴ്ചകള്‍ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം അടിച്ചുപൊളിക്കാം.. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണുകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ അനുവദിച്ചിരിക്കുകയാണ് ബിഎസ്‌എന്‍എല്‍. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു നെറ്റ്വര്‍ക്കുകളിലേക്കും വിളിക്കുന്ന കോളുകള്‍ പൂര്‍ണമായും സൗജന്യമായിയിരിക്കും. താരിഫ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ ഈ ഓഫര്‍ സ്വാതന്ത്ര്യദിന സമ്മാനമായി ബിഎസ്‌എന്‍എല്‍ അവതരിപ്പിക്കും. 15 മുതല്‍ത്തന്നെ ഓഫര്‍ നിലവില്‍ വരും. ഇപ്പോഴുള്ള നൈറ്റ് കോള്‍ ഫ്രീ ഓഫറിനു പുറമെയാണു ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ സൗജന്യ കോള്‍ അവതരിപ്പിക്കുന്നത്. നിലവില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ രാജ്യത്തിനകത്ത് ഏതു നെറ്റ് വര്‍ക്കിലേക്കും ലാന്‍ഡ്ഫോണുകളില്‍നിന്നു സൗജന്യമായി വിളിക്കാം. ലാന്‍ഡ്ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു നൈറ്റ് ഫ്രീ കോള്‍ പദ്ധതി രാജ്യത്താകെ അവതരിപ്പിച്ചത്. ഇതിനു വ്യാപകമായ പ്രതികരണമുണ്ടായെന്നാണു ബിഎസ്‌എന്‍എല്‍ അധികൃതരുടെ കണക്കുകൂട്ടല്‍. തുടര്‍ന്നാണ് അവധി ദിനമായ ഞായറാഴ്ചകളില്‍ സൗജന്യ കോള്‍ എന്ന ഓഫര്‍ അവതരിപ്പിക്കുന്നത്. ലാന്‍ഡ്ഫോണ്‍ നിലവില്‍ ഉപയോഗിക്കുന്നവരെ പിടിച്ചു നിര്‍ത്താനും കൂടുതല്‍ ലാന്‍ഡ് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും ഇതു വഴി സാധിക്കുമെന്നാണു ബിഎസ്‌എന്‍എല്‍ കണക്കു കൂട്ടുന്നത്.
