KOYILANDY DIARY.COM

The Perfect News Portal

ബാര്‍ കോഴ: കെ എം മാണി, കെ ബാബു എന്നിവര്‍ക്കെതിരെ വിജിലന്‍സ് നിയമോപദേശം തേടി

തിരുവനന്തപുരം :  മുന്‍ മന്ത്രിമാരായ കെ എം മാണി, കെ ബാബു എന്നിവര്‍ക്കെതിരായ ബാര്‍ കോഴക്കേസ് പുനരന്വേഷിക്കുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പിമാര്‍ക്കെതിരെ അന്വേഷണം ഉണ്ടാവും. എസ്പിമാരായ ആര്‍ നിശാന്തിനി, കെ എം ആന്റണി എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനാണ് വിജിലന്‍സ് ഒരുങ്ങുന്നത്. കെ ബാബുവിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് ഇരുവരും നല്‍കിയിരുന്നത്.

ബാര്‍ കോഴ, പാറ്റൂര്‍ കേസുകളടക്കം പുനഃപരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചു. അഴിമതിക്കേസുകള്‍ ഒതുക്കിതീര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. പുനരന്വേഷിക്കുന്നതില്‍ നിയമപരമായി സാധ്യതയുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ അഡ്വക്കേറ്റ് ജനറലിനോടു നിയമോപദേശം തേടി. തുടരന്വേഷണത്തില്‍ കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ എല്ലാം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ബാര്‍കോഴകേസ് ഒതുക്കിതീര്‍ത്തിരുന്നു. മാണിക്കെതിരേ എഫ്ഐആറിടാനുള്ള വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം രാജിവച്ചത്. കെ എം മാണിക്കെതിരേ വ്യക്തമായ  തെളിവുണ്ടായിട്ടും പി സുകേശന്‍ ത്വരിത പരിശോധനാ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടും കോടതി ഇടപെട്ടിട്ടും രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു.

Advertisements

 

Share news