KOYILANDY DIARY

The Perfect News Portal

ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും

തിരുവനന്തപുരം: കെ. ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഗവര്‍ണര്‍ക്കു കൈമാറും.അദ്ദേഹം രാജി സമര്‍പ്പിച്ചിട്ട് നാലുദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് രാജികത്ത് കൈമാറുന്നത്. സോളാര്‍ ജുഡീഷല്‍ കമ്മീഷന്റെ സിറ്റിംഗില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുപ്പും ക്രോസ് വിസ്താരവും നടന്നതിനാല്‍ തിങ്കളാഴ്ച രാജിക്കത്ത് കൈമാറാന്‍ സാധിച്ചിരുന്നില്ല.വിജിലന്‍സ് കോടതിയുടെ വിധിക്കെതിരേ ബാബു നല്‍കിയ റിട്ട് ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്നു അനുകൂല പരാമര്‍ശമുണ്ടാകുമോ എന്നറിയാന്‍ ഭരണനേതൃത്വം കാത്തിരിക്കുകയാണെന്നാണു സൂചന. എന്നാല്‍, വിജിലന്‍സ് കോടതി വിധിക്കു സ്റ്റേ കിട്ടിയാല്‍ പോലും കെ. ബാബു രാജി പിന്‍വലിക്കില്ലെന്നാണു സൂചന.വിജിലന്‍സ് കോടതിയുടെ വിധിക്കെതിരേ തിങ്കളാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയിരുന്നില്ല. കെ. ബാബുവിനെതിരായ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഇതോടെയാണ് റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ നേരിട്ടു സമീപിക്കാന്‍ കെ. ബാബു തീരുമാനമെടുത്തത്.തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ 23നാണ് കെ. ബാബു മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കിയത്. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ കെ. ബാബുവിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു രാജി. തീരുമാനത്തില്‍ കെ.ബാബു ഉറച്ച നിലപാട് എടുത്തതോടെയാണ് രാജികത്ത് മുഖ്യമന്ത്രി സ്വീകരിച്ചത്.ഇതിനിടെ ഔദ്യോഗിക വസതി ഒഴിയുന്നതിനും, എംഎല്‍എ ഹോസ്റ്റലില്‍ പുതിയ മുറി ലഭിക്കുന്നതിനും കെ.ബാബു അപേക്ഷ നല്‍കിയിട്ടുണ്ട്.