KOYILANDY DIARY.COM

The Perfect News Portal

ബാണാസുര ഡാമിനോട് ചേര്‍ന്ന വനത്തില്‍ നായാട്ടും അനധികൃത മീന്‍പിടുത്തവും സജീവം

വയനാട്: അനധികൃത മീന്‍പിടുത്തത്തിനിടെ കുട്ടത്തോണി മറിഞ്ഞ് നാലുപേര്‍ മരിച്ച ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാവും മുമ്പേ ബാണാസുര ഡാമിനോട് ചേര്‍ന്ന വനത്തില്‍ നായാട്ടും അനധികൃത മീന്‍പിടുത്തവും സജീവം. അപകടമുണ്ടായ സ്ഥലത്ത് തന്നെയാണ് രാത്രി സമയങ്ങളില്‍ കുട്ടത്തോണിയിലെ സഞ്ചാരവും മീന്‍പിടുത്തവും വ്യാപകമായിരിക്കുന്നത്. പ്രദേശവാസികളില്‍ ചിലരുടെ സഹായത്തോടെ പുറത്തു നിന്നും എത്തുന്ന സംഘമാണ് നിയമലംഘനത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കുട്ടത്തോണിയില്‍ സഞ്ചരിക്കവേ മൂന്നംഗ സംഘം അപകടത്തില്‍പെട്ടിരുന്നു. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

2017 ജൂലൈ 16 നാണ് ബാണാസുര സാഗര്‍ ഡാം റിസര്‍വോയറില്‍ നാടിനെ നടുക്കി മീന്‍ പിടിക്കാനിറങ്ങിയ നാല് പേര്‍ കുട്ടത്തോണി മറിഞ്ഞ് മരിച്ചത്. എന്നാല്‍ ഇത്രയും വലിയ ദുരന്തം നടന്നിട്ടും അധികൃതരുടെ കണ്ണുവെട്ടിച്ച്‌ വീണ്ടും ആളുകള്‍ ഇവിടെയെത്തുകയാണ്. കരയില്‍ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്തും, രാത്രിയില്‍ ടെന്റ് കെട്ടി താമസിച്ചുമാണ് മീന്‍പിടുത്തം. മുമ്ബുള്ളതിലും അപകട സാധ്യത നിലനില്‍ക്കെയാണ് അനധികൃത മീന്‍പിടുത്തം. പഴയ തരിയോട് പൊലീസ് സ്‌റ്റേഷന്‍ നിലനിന്ന സ്ഥലത്തോട് ചേര്‍ന്ന് നിരവധി അടുപ്പുകള്‍ നിര്‍മിച്ചിട്ടുണ്ട്. മീന്‍പിടുത്തത്തിന്റെ മറവില്‍ റിസര്‍വോയറിനോട് ചേര്‍ന്ന വനത്തില്‍ നായാട്ട് നടക്കുന്നതായും പരാതിയുണ്ട്. സമീപത്തെ റിസോര്‍ട്ടുകളിലെത്തുന്ന സഞ്ചാരികളും രാത്രിയില്‍ മീന്‍ പിടിക്കാനിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

അതേ സമയം ഡാമിലെ അനധികൃത മീന്‍പിടുത്തവും അപകട മരണങ്ങളും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക സമിതി അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് ഫയലിലുറങ്ങുകയാണ്. അന്ന് ദുരന്ത സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ നാട്ടുകാരുടെ പരാതിയെ കുറിച്ചും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായി എ.ഡി.എം ചെയര്‍മാനായി ആറംഗ സംഘത്തെ നിയോഗിച്ചിരുന്നു.

Advertisements

എ.ഡി.എം, അഗ്‌നിശമന രക്ഷാ സേന അഡിഷണല്‍ ജില്ല ഓഫിസര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ, കെ.എസ്.ഇ.ബി എക്‌സി. എന്‍ജിനീയര്‍, കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്‌ട് മൈനര്‍ ഇറിഗേഷന്‍ എക്‌സി. എന്‍ജിനീയര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ അംഗങ്ങളായുള്ള അന്വേഷണ സമിതി ദിവസങ്ങളെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ട് ആഗസ്റ്റ് ആദ്യവാരം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

ബാണാസുരയിലെ അപകട മരണങ്ങള്‍ നായാട്ട് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനിടെയാണ് ഉണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഡാമുകളിലെ സുരക്ഷയില്ലായ്മയും പരിഹാരമാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്യുന്ന തോണികള്‍ക്കും കുട്ടത്തോണികള്‍ക്കും മാത്രം റിസര്‍വോയറില്‍ അനുമതി നല്‍കുകയും ബാക്കിയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുക, പൊലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കുക, വൈകുന്നേരം ആറിന് ശേഷം റിസര്‍വോയറിനകത്ത് പ്രവേശനം നിരോധിക്കുക തുടങ്ങിയ സുരക്ഷ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ മാസങ്ങള്‍ പിന്നിടുമ്ബോഴും പ്രായോഗിക നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *